NEWSROOM

ഇസ്രയേലിന്‍റെ വെസ്റ്റ് ബാങ്ക് ആക്രമണം; ഒമ്പതു പേർ കൊല്ലപ്പെട്ടു

ഇറാന്‍ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹമാസിനും ഇസ്ലാമിക് ജിഹാദിനുമെതിരെ മേഖലയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം

Author : ന്യൂസ് ഡെസ്ക്

ഇസ്രയേലിന്‍റെ വെസ്റ്റ് ബാങ്ക് ആക്രമണത്തില്‍ ഒന്‍പത് പേർ കൊല്ലപ്പെട്ടതായി പലസ്തീന്‍ അധികൃതർ. ഗാസയില്‍ യുദ്ധം ആരംഭിച്ചതിനു ശേഷം പ്രദേശത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് ബുധനാഴ്ച നടന്നത്.


ഇറാന്‍ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹമാസിനും ഇസ്ലാമിക് ജിഹാദിനുമെതിരെ മേഖലയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. വെസ്റ്റ് ബാങ്കിലെ ജെനിന്‍‌, തുബാസ്, തുല്‍കർമ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ യുദ്ധം നടന്നു കൊണ്ടിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തുല്‍കർമയിലെ നൂർ ഷാമ്സ് ക്യാംപില്‍ അഞ്ച് ഹമാസ് പോരാളികളെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ സൈന്യം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച ജെനിനിലെ തെരുവുകളിലൂടെ ഇസ്രയേല്‍ സൈന്യത്തിന്‍റെ വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടില്‍ പറയുന്നു.


അതേസമയം, ലെബനന്‍-സിറിയ അതിർത്തിയില്‍ നടന്ന ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ നാല് പേർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. മരിച്ചവരില്‍ മൂന്ന് പേർ ഹമാസ് അംഗങ്ങളും ഒരാള്‍ ഹിസ്ബുല്ല അംഗവുമാണ്. അതിർത്തിയിലൂടെ നീങ്ങിയ കാറിനു നേരെയായിരുന്നു ഡ്രോണ്‍ ആക്രമണം. കാറില്‍ ആയുധങ്ങളായിരുന്നുവെന്നാണ് ഇസ്രയേല്‍ വാദം.  ഹമാസും ഹിസ്ബുല്ലയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ദക്ഷിണ ലെബനനില്‍ നിന്നും ഹിസ്ബുല്ല, ഇസ്ലാമിക് ജിഹാദ് എന്നിവർ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിവരികയാണ്. ഈ സായുധ സംഘങ്ങള്‍ക്ക് ഇറാനും സിറിയന്‍ സർക്കാരുമായി ശക്തമായ ബന്ധങ്ങളാണുള്ളത്. സിറിയ-ലബനന്‍ അതിർത്തി വഴി ആയുധങ്ങളും പോരാളികളേയും കടത്തിവിടുന്നുവെന്ന സംശയത്തിലാണ് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്.

SCROLL FOR NEXT