NEWSROOM

നെതന്യാഹുവിനെതിരായ അഴിമതിക്കേസ്: വിചാരണ ഇന്ന് ആരംഭിക്കും

കെെക്കൂലി, വഞ്ചന, വിശ്വാസ ലംഘനം എന്നീ ആരോപണങ്ങളില്‍ മൂന്ന് ക്രിമിനൽ കേസുകളാണ് നെതന്യാഹുവിനെതിരെയുള്ളത്

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളില്‍ ഇന്ന് വിചാരണ ആരംഭിക്കും. കെെക്കൂലി, വഞ്ചന, വിശ്വാസ ലംഘനം എന്നീ ആരോപണങ്ങളില്‍ മൂന്ന് ക്രിമിനൽ കേസുകളാണ് നെതന്യാഹുവിനെതിരെയുള്ളത്. ഈ ആഴ്ച മാത്രം മൂന്ന് തവണയാണ് കോടതിയില്‍ നെതന്യാഹു ഹാജരാകേണ്ടത്.

എട്ട് വർഷം വരെ പഴക്കമുള്ള ആരോപണങ്ങളില്‍, 2020ല്‍ തന്നെ ഔദ്യോഗികമായി വിചാരണ ആരംഭിച്ചിരുന്നു. എന്നാല്‍ 2022ലെ പൊതു തെരഞ്ഞെടുപ്പും തുടർന്നുണ്ടായ ഗാസ യുദ്ധവും അടക്കം സാഹചര്യങ്ങള്‍ പരിഗണിച്ച് നെതന്യാഹുവിന് സമയം നീട്ടിക്കൊടുത്ത് വരികയായിരുന്നു കോടതി. എന്നാല്‍ ഡിസംബർ 10ന് മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ഉത്തരവിട്ടുകൊണ്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച നെതന്യാഹുവിന് പുതിയ നോട്ടീസ് ലഭിച്ചു. ഈ ആഴ്ച മാത്രം മൂന്നു തവണ നോട്ടീസ് പ്രകാരം നെതന്യാഹു കോടതിയില്‍ ഹാജരാകണം.

കേസ് 4000, കേസ് 2000, കേസ് 1000 എന്നിങ്ങനെ അറിയപ്പെടുന്ന മൂന്ന് ക്രിമിനല്‍ കേസുകളാണ് നെതന്യാഹുവിന് എതിരെയുള്ളത്. ഒന്ന്, ബെസെക് ടെലികോം എന്ന ഇസ്രയേലി കമ്പനിയുടെ മുൻ ചെയർമാൻ ഷാൾ എലോവിച്ചുമായുള്ള കെെക്കൂലി ഇടപാടാണ്. ഏകദേശം, 500 ദശലക്ഷം യുഎസ് ഡോളറിന് തുല്യമായ 1.8 ബില്യൺ ഷെക്കലുകളുടെ ആനുകൂല്യങ്ങളും സർക്കാർ കരാറുകളും നെതന്യാഹു ബെസെക് ടെലികോമിന് കെെക്കൂലിയായി നല്‍കിയെന്നാണ് കേസ്. പകരം, എലോവിച്ചിൻ്റെ നിയന്ത്രണത്തിലുള്ള വാർത്താ വെബ്‌സൈറ്റിൽ തനിക്കും ഭാര്യ സാറയ്ക്കും പോസിറ്റീവ് കവറേജ് ലഭിക്കണമെന്നായിരുന്നു നെതന്യാഹുവിന്‍റെ ആവശ്യം.

ഇസ്രയേലിലെ യെദിയോത്ത് അഹ്‌റോനോത്ത് പത്രത്തിൻ്റെ ഉടമ അർനോൺ മോസസുമായി നെതന്യാഹു നടത്തിയ കെെക്കൂലി ഇടപാടുകളുടെ ഉദ്ദേശം തനിക്ക് അനുകൂലമായ മാധ്യമവാർത്തകളായിരുന്നു. പകരം, മറ്റ് മാധ്യമങ്ങളെ അടിച്ചമർത്തുന്നതിന് മാധ്യമനിയമത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തിയാണ് നെതന്യാഹു പ്രത്യുപകാരം ചെയ്തത്. ഹോളിവുഡ് നിർമാതാവായ അർനോൺ മിൽചാൻ, ഓസ്‌ട്രേലിയൻ ശതകോടീശ്വരൻ ജെയിംസ് പാക്കർ എന്നിവരിൽ നിന്ന് ഏകദേശം 210 ലക്ഷം ഡോളറിന് തുല്യമായ 700,000 ഷെക്കലിന്‍റെ ഉപഹാരങ്ങള്‍ സ്വീകരിച്ചു എന്നാണ് കേസ് 1000 എന്നറിയപ്പെടുന്ന മൂന്നാമത്തെ കേസ്. പകരം, ഇരുവരുടെയും വ്യവസായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഇടപെടലുകള്‍ നടത്തിയതായാണ് ആരോപണം.

2009 മുതൽ തുടർച്ചയായി അധികാരത്തിലിരിക്കുന്ന നെതന്യാഹു ഭരണത്തിലിരിക്കെ വിചാരണ നേരിടുന്ന ഇസ്രയേലിലെ ആദ്യ സിറ്റിംഗ് പ്രധാനമന്ത്രിയാണ്. അതേസമയം, ആരോപണങ്ങളെ രാഷ്ട്രീയ വേട്ടയാടല്‍ എന്നാണ് നെതന്യാഹു വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയ ആരോപണങ്ങളുപയോഗിച്ച് ചില നിയമജ്ഞർ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും നെതന്യാഹു ആരോപിച്ചിട്ടുണ്ട്. ഇതിന്‍റെ ചുവട് പിടിച്ച് കഴിഞ്ഞ വർഷം, ജുഡീഷ്യല്‍ പരിഷ്കരണത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വലിയ രീതിയില്‍ രാഷ്ട്രീയ ദ്രുവീകരണമുണ്ടാക്കിയിരുന്ന നീക്കം വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

SCROLL FOR NEXT