siddique 
NEWSROOM

വൈകീട്ട് അഞ്ചിന് മുണ്ടക്കൈയിൽ ഇരുട്ടാകും, ചെയ്യാവുന്നതെല്ലാം അതിന് മുൻപ് ചെയ്യണം: ടി. സിദ്ദിഖ്

രണ്ട് പാലങ്ങൾ പൊളിഞ്ഞതോടെ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്, താത്ക്കാലിക മിലിട്ടറി പാലങ്ങൾ നി‍ർമ്മിച്ചാൽ മാത്രമേ ആളുകൾക്കും വാഹനങ്ങൾക്കും എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ.

Author : ന്യൂസ് ഡെസ്ക്

വയനാട് മുണ്ടക്കൈ ഭാ​ഗത്ത് പരുക്കേറ്റതും ​ഗുരുതരമായ സാഹചര്യത്തിലുമുള്ള നിരവധി ആളുകളുണ്ടെന്നും, അവരെ അടിയന്തിരമായി രക്ഷപ്പെടുത്തേണ്ടതുണ്ടെന്നും കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ് അറിയിച്ചു. ജീവനോടു കൂടി അവരെ രക്ഷിക്കുന്നതിനായി പെട്ടെന്ന് തന്നെ സൈന്യത്തിൻ്റെ ഓപ്പറേഷനുകൾ നടത്തേണ്ടതുണ്ട്. സൈന്യം ഇതുവരെയും, എത്തിയിട്ടില്ല, അടിയന്തരമായി എത്തണമെന്നും ടി. സിദ്ദിഖ് പറഞ്ഞു. രണ്ട് പാലങ്ങൾ പൊളിഞ്ഞതോടെ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്, താത്ക്കാലിക മിലിട്ടറി പാലങ്ങൾ നി‍ർമ്മിച്ചാൽ മാത്രമേ ആളുകൾക്കും വാഹനങ്ങൾക്കും എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. ബാം​ഗ്ലൂരിൽ നിന്നും ഇതിനായി അടിയന്തര യൂണിറ്റ് എത്തണം. വൈകുന്നേരം അഞ്ച് മണിയാകുമ്പോൾ തന്നെ മുണ്ടക്കൈയിൽ ഇരുട്ടാകുമെന്നും, അതിന് മുൻപ് തന്നെ ചെയ്യാവുന്നതെല്ലാം ചെയ്യണമെന്നും ടി. സിദ്ദിഖ് പറഞ്ഞു.

ചൂരല്‍മലയിലെ ഉരുൾപൊട്ടലിൽ 60 മരണം ഇതുവരെ സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് തവണയാണ് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആദ്യ ഉരുൾപൊട്ടൽ. 4.10 ഓടെ വീണ്ടും അതിശക്തമായ ഉരുള്‍പൊട്ടലുണ്ടായി. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍പൊട്ടിയത്. നിലവിൽ 39 പേർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.

ഡി.എസ്.സി.സിയില്‍ നിന്ന് രണ്ട് ഗ്രൂപ്പുകളായി 200 സൈനികര്‍ രക്ഷ ദൗത്യത്തിനും ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘവും രക്ഷാപ്രവര്‍ത്തനത്തിനായി വയനാട്ടിലേക്ക് പുറപ്പെട്ടു. ഏഴിമലയില്‍ നിന്ന് നാവിക സേനയുടെ 30 അംഗ റിവര്‍ ക്രോസിംഗ് സംഘമാണ് എത്തുക. തിരുവനന്തപുരം, എറണാകുളം, എന്നിവിടങ്ങളില്‍ നിന്നുള്ള 30 പേര്‍ അടങ്ങിയ ഫയര്‍ഫോഴ്‌സ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ വയനാട്ടിലെ ദുരന്തമുഖത്തേക്ക് തിരിച്ചു. ഒപ്പം കണ്ണൂര്‍ മിലിട്ടറി ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘവും പുറപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT