സിപിഎം ഔദ്യോഗികമായി നിലവിൽ വന്നിട്ട് 60 വർഷം പൂർത്തിയാവുകയാണ്. 1964 ഒക്ടോബർ 31ന് കൊൽക്കത്തയിൽ ആരംഭിച്ച പാർട്ടി കോൺഗ്രസാണ് സിപിഎം എന്ന പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. 1964 ഏപ്രിൽ 11നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പിളർപ്പിന് കാരണമായ, കേരളത്തില്‍ നിന്നുള്ള ഏഴ് നേതാക്കളടക്കം 32 അംഗങ്ങളുടെ ഇറങ്ങിപ്പോക്കുണ്ടായത്. ഇതിന് ആറ് മാസങ്ങൾക്ക് ശേഷം ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൊൽക്കത്തയിൽ വെച്ച് നടന്ന പാർട്ടി കോണ്‍ഗ്രസ് സിപിഎമ്മിന്‍റെ ഔദ്യോഗിക രൂപീകരണം പ്രഖ്യാപിച്ചു.
1962ലെ ഇന്ത്യ-ചെെന യുദ്ധത്തോടെയാണ് കമ്യൂണിസ്റ്റ് പാർട്ടിയിലെ വിടവ് വലുതായത്. ജവഹർലാല്‍ നെഹ്റുവിന്‍റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് സർക്കാരുമായി ചേർന്നുനിന്ന സോവിയറ്റ് ആഭിമുഖ്യമുള്ള എസ്.എ. ഡാങ്കെ വിഭാഗം ഒരു വശത്തും, മറുവശത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചുനിൽക്കണമെന്ന് നിലപാടെടുത്ത ചെെനീസ്-മാവോ അനുകൂലികളായി മുദ്രകുത്തപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട ഇ.എം.എസ്, ജ്യോതി ബസു, ബി.ടി. രണദിവെ, പി. സുന്ദരയ്യ അടക്കമുള്ള നേതാക്കളുമായിരുന്നു നിലയുറപ്പിച്ചത്.
ഈ വലത്-ഇടത് കലാപം കലുഷിതമായ കാലാവസ്ഥയിലാണ് ഏപ്രിലില്‍ ദേശീയ കൗൺസിൽ ചേർന്നത്. ഡാങ്കെ ആഭ്യന്തര മന്ത്രാലയത്തിന് കെെമാറിയ ലിസ്റ്റ് പ്രകാരമാണ് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ഇടതുപക്ഷം ആരോപിച്ചു. തടവുശിക്ഷ ഒഴിവാക്കാന്‍ ഡാങ്കെ ബ്രിട്ടീഷ് സർക്കാരിന് മാപ്പെഴുതി നല്‍കിയതിൻ്റെ തെളിവുനിരത്തി അന്വേഷണം ആവശ്യപ്പെട്ടു. ദേശീയ കൗൺസിലില്‍ നേതൃമാറ്റം വേണമെന്ന് വാദിച്ചു. ഭൂരിപക്ഷമായ വലത് വിഭാഗം ഈ ആവശ്യങ്ങള്‍ നിരാകരിച്ചതോടെയാണ് 65 അംഗ കൗൺസിലിലെ 32 പേർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. അതോടെ അവിഭക്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ ദേശീയ കൗൺസിലായി അത് മാറി.
ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ഗോപാലൻ, എ.വി. കുഞ്ഞമ്പു, സി.എച്ച്. കണാരൻ, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, ഇ.കെ. ഇമ്പിച്ചിബാവ എന്നിങ്ങനെ കേരളത്തില്‍ നിന്നുള്ള ഏഴ് നേതാക്കളും പി. സുന്ദരയ്യയും ജോതി ബസുവും എൻ. ശങ്കരയ്യയും ഉൾപ്പെട്ടവരായിരുന്നു ആയിരുന്നു ആ 32 പേർ. അക്കൂട്ടത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് വി.എസ്. അച്യുതാനന്ദൻ മാത്രമാണ്.
ഇറങ്ങിപ്പോന്നവർ ഒക്ടോബർ 31 മുതൽ നവംബർ 7 വരെ നീണ്ട കൊൽക്കത്ത പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ചുകൊണ്ട് സിപിഐ (മാർക്സിസ്റ്റ്) പാർട്ടി രൂപീകരണം പ്രഖ്യാപിച്ചു. പി. സുന്ദരയ്യ ജനറൽ സെകട്ടറി. ഇ.എം.എസും എ.കെ.ജിയും അടങ്ങുന്ന 9 അംഗ പോളിറ്റ് ബ്യൂറോയും പ്രഖ്യാപിക്കപ്പെട്ടു. കേരളത്തിൽനിന്ന് എ.കെ.ജി, ഇ.എം.എസ്, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദന്‍ എന്നീ നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് ഉണ്ടായിരുന്നത്.
ഡിസംബറിൽ സിപിഐ ബോംബെയിൽ പാർട്ടി കോൺഗ്രസ് നടത്തിയതോടെ പിളർപ്പ് പൂർണമായി. സിപിഐയ്ക്ക് ഒപ്പം നിന്ന കെപിഎസിയുടെ അമരക്കാരനും പാർട്ടി എംഎൽഎയുമായിരുന്ന സഖാവ് തോപ്പിൽ ഭാസിയുടെ ‘തെളിവിലെ യാഥാർഥ്യങ്ങൾ’ എന്ന ലഘുലേഖ ആ പിളർപ്പ് പ്രവർത്തകരിലുണ്ടാക്കിയ വെെകാരികതയെ അടയാളപ്പെടുത്തി. "ബഹുമാനപ്പെട്ട സഖാക്കളേ... ഹൃദയവേദനയോടെ ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ... എതിരാളിയുടെ മുഖത്ത് നോക്കി ഇനിയൊരിക്കലെങ്കിലും ഒറ്റക്കല്ലിൽ പണിതെടുത്ത പാർട്ടി എന്ന് പറയാൻ ഇന്നു കഴിയുമോ...?"