തമിഴ് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ പൊതുയോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും പങ്കെടുപ്പിക്കാൻ ശ്രമം. രണ്ട് നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കാൻ വിജയ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ആദ്യ യോഗത്തിൽ വിജയ് പാർട്ടിയുടെ ആശയങ്ങൾ പ്രഖ്യാപിക്കുമെന്നും, തന്റെ ആദ്യ രാഷ്ട്രീയ പ്രസംഗം നടത്തിയേക്കുമെന്നും സൂചനയുണ്ട്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർക്കും ക്ഷണം ലഭിച്ചേക്കും. ഡിഎംകെ, എഐഎഡിഎംകെ, ബിജെപി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുമെന്നും സൂചനയുണ്ട്. സെപ്തംബർ 23ന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിലാണ് പൊതുയോഗം നടക്കുന്നത്. എന്നാൽ പരിപാടിക്ക് ഇതുവരെ പൊലീസ് അനുമതി ലഭിച്ചിട്ടില്ല.
ALSO READ: കമല്‍ഹാസന് പകരക്കാരനായി വിജയ് സേതുപതി; ബിഗ് ബോസ് തമിഴ് സീസണ്‍ എട്ടിന് പുതിയ അവതാരകന്‍
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് തന്റെ പാർട്ടി പ്രഖ്യാപിച്ചത്. 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ ജനകീയ-സാമൂഹ്യ പ്രശ്നങ്ങളിലെല്ലാം ശക്തമായ ഇടപെടൽ നടത്തിയാണ് വിജയ് പ്രവർത്തിക്കുന്നത്. ഡിഎംകെ സർക്കാരിന്റെ കടുത്ത വിമർശകനായി വിജയ് ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്.