അമീബിക് മസ്തിഷ്‌ക ജ്വരം ആരംഭത്തില്‍ കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജലാശയങ്ങളില്‍ കുളിച്ചവര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് ചികിത്സ തേടണം. വര്‍ഷങ്ങളായി വാട്ടര്‍ ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണം.
മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ ഏകോപനത്തില്‍ ചികിത്സ ഉറപ്പ് വരുത്തിയതായും മന്ത്രി അറിയിച്ചു. പനി, തലവേദന ഛര്‍ദി, അപസ്മാരം, കാഴ്ച മങ്ങല്‍ എന്നിവയാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. സംസ്ഥാനത്ത് വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. 97% മരണനിരക്കുള്ള രോഗമായതിനാല്‍ ആരംഭത്തില്‍തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രോഗമുക്തി കൈവരിച്ചിട്ടുള്ളത് ലോകത്ത് തന്നെ ആകെ 11 പേര്‍ മാത്രമാണ്. കേരളത്തില്‍ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
തിരുവനന്തപുരം നാവായിക്കുളം സ്വദേശിനിയായ ഇരുപത്തിനാലുകാരിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് സ്ത്രീക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനത്ത് കണ്ണറവിള, പേരൂര്‍ക്കട സ്വദേശികള്‍ക്ക് രോഗബാധയുണ്ടായതിനു പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്തു കൂടി രോഗം സ്ഥിരീകരിക്കുന്നത്. നിലവില്‍ ഏഴ് പേരാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളം, ഒഴുക്കില്ലാത്ത ജലാശയം, വൃത്തിയാക്കാത്ത സ്വിമ്മിംഗ് പൂളുകള്‍-കനാലുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് രോഗാണുക്കള്‍ ശരീരത്തിലേക്ക് എത്തുന്നത്. മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ പ്രവേശിക്കുന്ന രോഗാണുക്കള്‍ തലച്ചോറിലെത്തുന്നു. കുട്ടികളിലും കൗമാരക്കാരിലുമാണ് കൂടുതലായും രോഗം സ്ഥിരീകരിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരില്ല. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയാണ് രോഗം വരാതിരിക്കാനുള്ള പ്രാഥമിക കാര്യം.