NEWSROOM

വായുമലിനീകരണം കാരണം പ്രതിവർഷം മരണപ്പെടുന്നത് 33000 ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

കണക്കുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഡൽഹിയാണ്. 12000 മരണങ്ങളാണ് വായുമലിനീകരണം മൂലം ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ഓരോ വർഷവും ഇന്ത്യയിലെ പത്ത് നഗരങ്ങളിലായി ഏകദേശം 33,000 പേർ വായുമലിനീകരണം മൂലം മരണപ്പെടുന്നുവെന്ന് റിപ്പോർട്ട്. ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്താണ് കണക്കുകൾ പുറത്തുവിട്ടത്.

ഓരോ ക്യുബിക് മീറ്റർ വായുവിലും 15 മൈക്രോഗ്രാം എന്ന ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശത്തേക്കാൾ ഉയർന്നതാണ് ഇന്ത്യയുടെ ശുദ്ധവായു മാനദണ്ഡങ്ങൾ. മലിനവായു ഉയർത്തുന്ന പ്രശ്നങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനായി ഇന്ത്യ ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് സമാനമായി ശുദ്ധവായു മാനദണ്ഡങ്ങൾ ഗണ്യമായി കുറയ്ക്കണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഇന്ത്യൻ വായുഗുണനിലവാര മാനദണ്ഡങ്ങൾക്ക് താഴെയുള്ള മലിനീകരണത്തിൻ്റെ അളവ് പോലും രാജ്യത്ത് പ്രതിദിന മരണനിരക്ക് വർധിക്കുന്നതിന് കാരണമാകുന്നുവെന്ന് പഠനം കണ്ടെത്തി.

പത്ത് നഗരങ്ങളിലെ പിഎം 2.5 എക്സ്പോഷർ ഡാറ്റയും, 2008നും 2019നും ഇടയിലുള്ള മരണനിരക്കിൻ്റെ ദൈനംദിന കണക്കുകളും ഉപയോഗിച്ചാണ് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് റിപ്പോർട്ട് തയ്യാറാക്കിയത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരണാസി എന്നീ ന​ഗരങ്ങളിലെ കണക്കുകളിൽ നിന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കണക്കുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഡൽഹിയാണ്. 12000 മരണങ്ങളാണ് വായുമലിനീകരണം മൂലം ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടിൽ രണ്ടാം സ്ഥാനത്ത് വാരണാസിയും, മൂന്നാം സ്ഥാനത്ത് ബാം​ഗ്ലൂരും, നാലാം സ്ഥാനത്ത് ചെന്നൈയുമാണ്. കണക്കിൽ ഏറ്റവും താഴെ ഷിംലയാണ്.

SCROLL FOR NEXT