NEWSROOM

ഉത്തരേന്ത്യയിൽ മഴ കനക്കും; മുന്നറിയിപ്പിനെ തുടർന്ന് ചാർ ധാം യാത്ര താൽക്കാലികമായി നിർത്തിവെച്ചു

കാലാവസ്ഥയിൽ മാറ്റമുണ്ടായാൽ മാത്രമേ തീർത്ഥാടനം നടത്താൻ പാടുള്ളുവെന്ന കർശന നിർദേശവും നൽകി.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ മാസം പെയ്ത മഴ ,കഴിഞ്ഞ തവണത്തേക്കാൾ കൂടുതലെന്ന്  റിപ്പോർട്ട്. കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയിൽ 11 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെൻ്റിൻ്റെ റിപ്പോർട്ട് അനുസരിച്ച് അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിലും ഉപദ്വീപിലും കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.

മെയ് 30 ന് കേരളത്തിലും വടക്കു കിഴക്കൻ മേഖലയിലും ആരംഭിച്ച മഴ ,മഹരാഷ്ട്ര വരെ ശക്തമായ തോതിൽ പെയ്യുകയും പിന്നീട് അതിൻ്റെ ശക്തി കുറയുകയുമാണ് ചെയ്തത്. ഇത് വടക്കു പടിഞ്ഞാറൻ മേഖലയിൽ കനത്ത ചൂടിന് കാരണമായി. എന്നാൽ സ്ഥിതി മാറിയതോടെ മഴ വീണ്ടും ശക്തമായി. ഇപ്പോൾ വടക്ക് കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങൾ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ വലയുകയാണ്. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് സാധാരണയിലും കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

ഉത്തരാഖണ്ഡിൽ കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ചാർ ധാം യാത്ര താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി. ക്ഷേത്രങ്ങളിലേക്കുള്ള വഴിയിലുള്ള തീർത്ഥാടകരോട് മുന്നോട്ട് പോകുന്നത് ഒഴിവാക്കാനും ഇപ്പോൾ എവിടെയാണോ അവിടെ തന്നെ തുടരാനും നിർദേശം നൽകി. കാലാവസ്ഥയിൽ മാറ്റമുണ്ടായാൽ മാത്രമേ തീർത്ഥാടനം നടത്താൻ പാടുള്ളുവെന്ന കർശന നിർദേശവും ഇതോടൊപ്പം നൽകിയിട്ടുണ്ട്.


SCROLL FOR NEXT