റഷ്യ- യുക്രെയ്ൻ സംഘർഷമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി ചർച്ച ചെയ്തതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കസാഖ്സ്ഥാനിലെ അസ്താനയിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരുടെ പ്രശ്നം ലാവ്‌റോവുമായി ഉന്നയിച്ചോ എന്ന ചോദ്യത്തിന് എഎൻഐയോട് മറുപടി പറയുകയായിരുന്നു ജയശങ്കർ. അതേക്കുറിച്ച് വ്യക്തമായി സംസാരിച്ചിട്ടുണ്ടെന്നും റഷ്യൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കാന്‍ നിരവധി ഇന്ത്യക്കാർ നിർബന്ധിതരായിട്ടുണ്ടെന്നും അവർ തിരിച്ചെത്തിയാലേ മുഴുവൻ സാഹചര്യങ്ങളും അറിയാനാകൂ എന്നും ജയശങ്കർ പറഞ്ഞു. എന്തുതന്നെ ആണെങ്കിലും, ഇന്ത്യൻ പൗരന്മാർ യുദ്ധഭൂമിയിൽ മറ്റൊരു രാജ്യത്തിൻ്റെ സൈന്യമാകേണ്ടി വരുന്നത് അസ്വീകാര്യമായ കാര്യമാണ്. റഷ്യയുടെ സഹകരണം തേടുന്നുവെന്നും ഇന്ത്യക്കാർക്ക് വേഗത്തിൽ തിരിച്ചെത്താനുള്ള വഴി കണ്ടെത്തണമെന്നും ജയശങ്കർ എഎൻഐയോട് പറഞ്ഞു. ലാവ്റോവിന് വിഷയം മനസ്സിലായിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി സംസാരിച്ചുവെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന റഷ്യ സന്ദർശനം ഈ വിഷയത്തെ സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മിൽ വളരുന്ന സാമ്പത്തിക ബന്ധത്തെക്കുറിച്ചും സംവദിക്കുന്നതിനുള്ള മികച്ച അവസരമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ഏകദേശം ഇരുപതോളം പേര്‍ക്കാണ് ജോലി അവസരമെന്ന വ്യജേന റഷ്യയിലെത്തി യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിൽ അണിനിരക്കേണ്ടി വന്നത്. അതിൽ പത്ത് പേർ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതായി എംഇഎ സ്ഥിരീകരിച്ചു. വിദേശത്ത് ലാഭകരമായ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ യുദ്ധഭൂമിയിലെത്തിക്കുന്ന ഒരു വലിയ മനുഷ്യക്കടത്ത് ശൃംഖല രാജ്യത്തുടനീളം പ്രവർത്തിക്കുന്നതായി സിബിഐ ഈ വർഷം റിപ്പോർട്ട് ചെയ്തിരുന്നു.