വനനശീകരണം നിയന്ത്രിക്കാൻ യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന പുതിയ നിയമം ചെറുകിട കർഷകരെ മാത്രം സാരമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. കാപ്പി, കൊക്കോ, റബ്ബർ ഉളപ്പടെയുള്ളവയുടെ കയറ്റുമതിയെയാണ് നിയമം കൂടുതലായി ബാധിക്കുക. കയറ്റി അയയ്ക്കുന്നത് കാടുവെട്ടി കൃഷി ചെയ്തവയല്ല എന്ന ഉറപ്പു കിട്ടിയാൽ മാത്രമേ ഇവയുടെ വിൽപന ഇനി സാധ്യമാകൂ. ഡിസംബർ 30 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.
വനശീകരണത്തിലൂടെ നിർമിക്കപ്പെടുന്ന ഉൽപന്നങ്ങളെ ഒഴിവാക്കി വനനശീകരണത്തിൻ്റെ തോത് കുറക്കാമെന്നാണ് യൂറോപ്യൻ യൂണിയൻസ് ഡീഫോറസ്റ്റേഷൻ റെഗുലേഷൻ നിയമം ലക്ഷ്യം വയ്ക്കുന്നത്. 2020ന് ശേഷം വനനശീകരണത്തിലൂടെ സൃഷ്ടിക്കപ്പെട്ട ഭൂമിയിലല്ല കൃഷി നടക്കുന്നതെന്നാണ് യൂറോപ്യൻ യൂണിയനെ ബോധ്യപ്പെടുത്തേണ്ടത്.
ALSO READ: ഡേറ്റിംഗിന് ശമ്പളത്തോടുകൂടി അവധി, മറ്റാനുകൂല്യങ്ങൾ, തൊഴിലാളികൾക്ക് 'ടിന്‍ഡർ ലീവ്' പ്രഖ്യാപിച്ച് കമ്പനി
ജിയോ ടാഗിലൂടെയും ലൊക്കേഷൻ കോഡിനേറ്റുകളിലൂടെയാകും ഇത് തെളിയിക്കേണ്ടിവരിക. ഭൂമിയുടെ സ്വഭാവം, ഉടമ, ഉൽപന്നത്തിൻ്റെ ഗ്രേഡ്, വ്യാപാരി, കയറ്റുമതി ലൈസൻസ് എന്നിവയെല്ലാം ഈ ടാഗിലൂടെ വ്യക്തമാകും. ഈ ഉൽപന്നങ്ങൾക്ക് വിപണിയിൽ വലിയ വില ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ഉൽപന്നമാണ് കാപ്പി. കാപ്പി ഉത്പാദനത്തിൽ ഏഴാം സ്ഥാനത്തും കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തുമാണ് ഇന്ത്യ. കൊക്കോ, സോയബീൻ, തടി, ബീഫ്, റബ്ബർ എന്നീ ഉൽപന്നങ്ങളുടെയും ഇവയുടെ ഉപോൽപന്നങ്ങളുടെയും ഇറക്കുമതിയാണ് യൂറോപ്യൻ യൂണിയൻ കർശനമാകുന്നത്.
അതേസമയം യൂറോപ്യൻ യൂണിയൻ്റെ ഈ തീരുമാനത്തിനെതിരെ ഇൻഡോനേഷ്യയിലെയും ബ്രസീലിലെയും ചെറുകിട കർഷകർ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഈ നിയമനിർമാണം ചെറുകിട കർഷകരെ വിപണിയിൽ നിന്നു പുറംതള്ളുമെന്നാണ് ഇവരുടെ വിമർശനം. കാലാവസ്ഥ വ്യതിയാനത്തിൻ്റെ രണ്ടാമത്തെ പ്രധാന കാരണമാണ് വനനശീകരണമെന്നതിനാലാണ് യൂറോപ്യൻ യൂണിയൻ്റെ നിയന്ത്രണം.