NEWSROOM

ഇറ്റാലിയൻ മാധ്യമപ്രവർത്തക ഇറാനിൽ അറസ്റ്റില്‍; ഏകാന്ത തടവിലെന്ന് റിപ്പോർട്ടുകള്‍

ഡിസംബർ 20ന് തിരിച്ചു പോകാനിരിക്കെയായിരുന്നു തെഹ്റാൻ പൊലീസിൻ്റെ നടപടി

Author : ന്യൂസ് ഡെസ്ക്

ഇറ്റാലിയൻ മാധ്യമപ്രവർത്തക ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ അറസ്റ്റില്‍. ഇറ്റാലിയന്‍ പത്രമായ ഇൽ ഫോഗ്ലിയോയുടെയും പോഡ്‌കാസ്റ്റ് കമ്പനിയായ ചോറ മീഡിയയുടെയും യുദ്ധ ലേഖകയും റിപ്പോർട്ടറുമായ സിസിലിയ സാല (29) ആണ് അറസ്റ്റിലായത്. ഒരാഴ്ചയായി ഇവർ ഏകാന്തതടവിലാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.


ജേണലിസ്റ്റ് വിസയില്‍ ഇറാനിലെത്തിയ സിസിലിയ രാജ്യത്തെ മാറുന്ന രാഷ്ട്രീയ അന്തരീക്ഷത്തേപ്പറ്റിയും സിറിയയിലെ അട്ടിമറിയെക്കുറിച്ചും നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. ഡിസംബർ 19നാണ് സാലയെ ഇറാന്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ വിവരം ഡിസംബർ 27ന് മാത്രമാണ് പുറത്തുവിട്ടത്. ഡിസംബർ 20ന് തിരിച്ചു പോകാനിരിക്കെയായിരുന്നു തെഹ്റാൻ പൊലീസിൻ്റെ നടപടി. അറസ്റ്റിന്‍റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

തെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലാണ് നിലവില്‍ സാലയെ തടവില്‍ പാർപ്പിച്ചിരിക്കുന്നത്. സുരക്ഷാ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരെ തടവില്‍വെയ്ക്കുന്ന ജയിലാണിത്. 'ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക്' 2018 ൽ യുഎസ് സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ തടങ്കല്‍ പാളയമാണിത്. വിദേശകാര്യ മന്ത്രാലയം പറയുന്നത് പ്രകാരം, ജയിലില്‍ നിന്നും ബന്ധുക്കള്‍ക്ക് രണ്ട് ഫോണ്‍ കോളുകള്‍ ചെയ്യാന്‍ സാലയ്ക്ക് അനുമതി ലഭിച്ചിരുന്നു. വെള്ളിയാഴ്ച സാലയെ ജയിലില്‍ സന്ദർശിച്ച ഇറ്റാലിയന്‍ അംബാസിഡർ പാവോല അമാദേയി ഇവർ പൂർണ ആരോഗ്യവതിയാണെന്നാണ് അറിയിച്ചു.

ഇൻസ്റ്റഗ്രാമിൽ ഏകദേശം അര ദശലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള സാല ഇറ്റാലിയൻ ടോക് ഷോകളിലെ സ്ഥിരം അതിഥിയാണ്. കാബൂളിന്റെ പതനവും അഫ്ഗാനിസ്ഥാനിലെ താലിബാന്റെ തിരിച്ചുവരവും, വെനിസ്വേലയിലെ പ്രതിസന്ധി, യുക്രെയ്‌നിലെ യുദ്ധം, ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം തുടങ്ങിയ വിഷയങ്ങളില്‍ ഇവർ റിപ്പോർട്ടിങ്ങ് നടത്തിയിട്ടുണ്ട്.

SCROLL FOR NEXT