NEWSROOM

ആൽപ്‌സ് പർവത നിരകളിലെ മഞ്ഞുരുക്കം; അതിർത്തി രേഖകൾ മായുന്നത് തലവേദനയായി ഇറ്റലിയും സ്വിറ്റ്സർലൻഡും

നിശ്ചയിക്കപ്പെട്ട അതിർത്തി ഹിമപാളികൾ ഉരുകുന്നതോടെ ഇല്ലാതാകുകയാണ്

Author : ന്യൂസ് ഡെസ്ക്


ആഗോള താപനം മൂലം അതിർത്തി രേഖകൾ മായുന്ന രാജ്യാന്തര പ്രതിസന്ധിയിലാണ് ഇറ്റലിയും സ്വിറ്റ്സർലൻഡും. ഇരു രാജ്യങ്ങളും അതിർത്തി പങ്കിടുന്ന ആൽപ്‌സ് പർവത നിരകളിലെ മഞ്ഞുരുക്കമാണ് പ്രശ്നം. ആൽപ്‌സ് പർവതനിരകളിലെ കാലാവസ്ഥാ മാറ്റം കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. എന്നാൽ ഇരുരാജ്യങ്ങൾക്കിടെയുള്ള ഈ മഞ്ഞുരുകൽ ഒരു രാജ്യാന്തര പ്രതിസന്ധിയായി മാറുകയാണ്. നിശ്ചയിക്കപ്പെട്ട അതിർത്തി ഹിമപാളികൾ ഉരുകുന്നതോടെ ഇല്ലാതാവുകയാണ്. ഏറ്റവുമൊടുവിൽ ആൽപ്‌സിലെ ഏറ്റവും ഉയരം കൂടിയ മേഖലകളിലൊന്നായ മാറ്റർഹോണിൻ്റെ താഴ്‌വരയിലെ സെർമാറ്റിൽ അതിർത്തി പുനർനിർണയിക്കേണ്ട അവസ്ഥയാണ് മഞ്ഞുരുക്കം മൂലം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

2023 മെയിൽ ഇതു സംബന്ധിച്ച സംയുക്ത സ്വിസ്-ഇറ്റാലിയൻ കമ്മീഷൻ ഉടമ്പടിയുണ്ടാക്കിയിരുന്നു. ഉടമ്പടി അംഗീകരിച്ചുകൊണ്ട് കഴിഞ്ഞദിവസം സ്വിസ് സർക്കാർ അതിർത്തി മാറ്റ സന്നദ്ധത അറിയിച്ചു. എന്നാൽ ഇറ്റലി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. യൂറോപ്പിലെ പ്രസിദ്ധമായ കായിക- വിനോദ സഞ്ചാരകേന്ദ്രമായ സെർമാറ്റിലെ അതിർത്തി മാറ്റം, വ്യാപാര താത്പര്യങ്ങളടക്കം മേഖലയിലെ മറ്റ് നിയന്ത്രണങ്ങളെയും സ്വാധീനിക്കുമെന്നതാണ് ഇതിന് കാരണം. ഐസ് സ്കീയിംങ്, ഹെെക്കിംഗ് എന്നിവയ്ക്കായി വിനോദസഞ്ചാരികളുടെ ഒഴുക്കുള്ള ഇവിടെ വ്യാപാര സ്ഥാപനങ്ങൾ ഏത് നിയമത്തിൻ കീഴിലാകും എന്നത് മുതൽ അപകടങ്ങളുണ്ടായാൽ, ഏത് സർക്കാരാകും രക്ഷാപ്രവർത്തനം നടത്തുക തുടങ്ങി, പല കാര്യങ്ങളേയും അതിർത്തിമാറ്റം ബാധിച്ചേക്കും.


പുതിയ കണക്കുപ്രകാരം 2023-ൽ സ്വിസിലെ ഹിമപാളികളുടെ 4% അലിഞ്ഞില്ലാതായി. 2022 ൽ 6% നഷ്ടമുണ്ടായതിന് ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുരുക്കമാണിത്. രണ്ട് വർഷത്തിനിടെ രാജ്യത്തെ ഹിമപാളികളിലെ 10 ശതമാനവും ഉരുകി. സ്വിസ് നിയന്ത്രണമുള്ള ആൽപ്‌സിലെ ഏറ്റവും ഉയർന്ന മേഖലയിൽ അലറ്റ്ഷ് ഹിമപാളികൾ 3 കിലോമീറ്ററോളം രാജ്യാതിർത്തിയിൽ നിന്ന് പിൻവലിഞ്ഞു. 1850 മുതൽ ആൽപ്‌സ് പർവതനിരകളിലെ താപനില രണ്ട് ഡിഗ്രിയോളം ഉയർന്നു, യുനെസ്കോ- അലെറ്റ്‌ഷ് ഫൗണ്ടേഷൻ കണ്ടെത്തലാണിത്. ലോകമെമ്പാടും ആഗോളതാപനം ഒരു ഡിഗ്രി വർദ്ധിച്ചപ്പോഴാണ് ഇവിടെയത് ഇരട്ടിയായത്. ഇറ്റലിക്ക് പുറമെ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ, സ്ലോവേനിയ, മോണോകോ, ലിച്ചെൻസ്റ്റീൻ എന്നീ രാജ്യങ്ങളുമായി ആൽപ്‌സിൽ അതിർത്തി പങ്കിടുന്ന സ്വിറ്റ്‌സർലൻറിന് ഈ മഞ്ഞുരുക്കം തലവേദനയായി എന്ന് ചുരുക്കം. പർവതനിരകളേറെയുള്ള സ്വിസ് ഭൂപ്രദേശത്തിന്റെ കിഴക്ക്- തെക്ക് മേഖലകളെ ഈ മാറ്റം സാരമായി ബാധിച്ചുകഴിഞ്ഞു.

SCROLL FOR NEXT