കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി 
NEWSROOM

കനത്ത മഴയൊക്കെയല്ലേ, ചിലപ്പോള്‍ തകര്‍ന്നെന്ന് വരും; ബീഹാറിലെ പാലം തകര്‍ച്ചയില്‍ കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി

സംഭവത്തിൽ ഉണ്ടായ അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രി കർശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി

Author : ന്യൂസ് ഡെസ്ക്

ബിഹാറില്‍ തുടര്‍ച്ചയായ പാലം തകര്‍ച്ച വിവാദമായതോടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി രംഗത്ത്. മണ്‍സൂണ്‍ കാലമായതിനാല്‍ തന്നെ സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്യുന്നത്. അളവില്‍ കൂടുതല്‍ മഴ ലഭിക്കുന്നതാണ് പാലം തകരുന്നതിന്റെ പ്രധാന കാരണം എന്നാണ് ജിതന്‍ റാം മാഞ്ചിയുടെ വിശദീകരണം.

പാലങ്ങളെല്ലാം തകരുന്നത് ഇപ്പോഴാണ്. ഒരുമാസം മുമ്പ് വരെ ഇതൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത് സര്‍ക്കാരിനെ താറടിച്ച് കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എന്നും മാഞ്ചി പറയുന്നു. അതേസമയം, പാലത്തിന്റെ നിര്‍മിതിക്കായി ഗുണമേന്മയില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചതും പാലം തകര്‍ന്നു വീണതിന് കാരണമായിട്ടുണ്ടാകാം എന്നും മാഞ്ചി പറയുന്നു.

പാലങ്ങള്‍ നിര്‍മ്മിക്കുന്നതിലുണ്ടായ വീഴ്ചയെ പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. സംഭവത്തില്‍ ഉണ്ടായ അനാസ്ഥയ്‌ക്കെതിരെ മുഖ്യമന്ത്രി കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കഴിഞ്ഞ 15 ദിവസത്തിനിടെ 10 പാലങ്ങളാണ് തകര്‍ന്നത്. ഇതോടെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.

അതേസമയം ബിഹാറിലെ പാലങ്ങള്‍ പൊളിഞ്ഞ സംഭവത്തില്‍ എന്‍ജിനീയര്‍മാര്‍ക്ക് കൂട്ട സസ്പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. 11 എന്‍ജിനീയര്‍മാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ബിഹാറില്‍ പാലങ്ങള്‍ തകരുന്നത് തുടര്‍ക്കഥയാകുകയാണ്. ജൂണ്‍ 18ന് അരാരിയയിലെ പാലം തകര്‍ന്നതാണ് പരമ്പരയിലെ ആദ്യത്തേത്.

തുടര്‍ന്ന് ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച്, മധുബാനി ജില്ലകളിലെ പാലങ്ങള്‍ കൂടി തകര്‍ന്നതോടെ ജൂണ്‍ മാസം അവസത്തോടെ തകര്‍ന്ന പാലങ്ങളുടെ എണ്ണം അഞ്ച് ആയി. വ്യാഴാഴ്ച ബീഹാറിലെ സരണ്‍ ജില്ലയില്‍ ആണ് അവസാനത്തെ പാലം തകര്‍ന്നത്. ഇതോടെയാണ് സംസ്ഥാനത്ത് ആകെ തകര്‍ന്ന പാലങ്ങളുടെ എണ്ണം 10 ആയി ഉയര്‍ന്നത്.

SCROLL FOR NEXT