കിയർ സ്റ്റാർമർ ഇനി ബ്രിട്ടനെ നയിക്കും. ലേബർ പാർട്ടിയുടെ പ്രതിനിധിയായി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ കിയർ സ്റ്റാർമർ 326 സീറ്റുകളുമായി കേവല ഭൂരിപക്ഷമുറപ്പിച്ചിരിക്കുകയാണ്. മാറ്റത്തിൻ്റെ തുടക്കമെന്നാണ് സ്റ്റാർമർ ലേബർ പാർട്ടിയുടെ വിജയത്തെ വിശേഷിപ്പിച്ചത്. തൊഴിലാളി വർഗത്തിന് വേണ്ടി ബ്രിട്ടനെ പുതുക്കി പണിയുമെന്നും, രാഷ്ട്ര സേവനത്തിന് തയ്യാറാണെന്നും കിയർ സ്റ്റാർമർ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.
2020 ൽ ബ്രിട്ടനിൽ നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ നയിക്കാൻ കിയർ സ്റ്റാർമറെ നിയോഗിച്ചപ്പോൾ 85 വർഷത്തിനിടയ്ക്കുള്ള ഏറ്റവും ദയനീയമായ തോൽവിയാണ് ലേബർ പാർട്ടിയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നത്. നാല് വർഷത്തിന് ശേഷവും തെരഞ്ഞെടുപ്പ് കളത്തിലേക്ക് കിയർ സ്റ്റാർമർ എത്തുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ലേബർ പാർട്ടിയും പ്രതീക്ഷിച്ചില്ല. കനത്ത പരാജയത്തിൽ നിന്നും കരകയറാൻ ഇത്തവണ വിജയം ഉറപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ലേബർ പാർട്ടിയ്ക്കും കിയർ സ്റ്റാർമറിനും ഉണ്ടായുള്ളു. കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണത്തിന് ശേഷം ബ്രിട്ടനിൽ ഇനി ലേബർ പാർട്ടിയുടെ പുതിയ ഉദയമാണ്.ലേബർ പാർട്ടിയുടെ പ്രതാപം വീണ്ടെടുക്കുന്നതിലും വോട്ടർമാരിലേക്ക് അതിൻ്റെ സ്വാധീനം എത്തിക്കുന്നതിലും കിയർ സ്റ്റാർമർ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു എന്ന് തന്നെ പറയാം.
ലണ്ടന് പുറത്തുള്ള സറേയിലെ ഒരു ചെറിയ പട്ടണത്തിലായിരുന്നു കിയർ സ്റ്റാർമർ വളർന്നത്. അമ്മ നാഷണൽ ഹെൽത്ത് സർവീസിലാണ് ജോലി ചെയ്തിരുന്നത്.പിതാവ് ഒരു ടൂൾ മേക്കറും. 2015 ൽ ആദ്യമായി കിയർ സ്റ്റാർമറെ പാർലമെൻ്റിലേക്ക് തെരഞ്ഞെടുത്തതിന് ഏതാനും ആഴ്ചകൾക്ക് ശേഷം അമ്മയേയും അതിന് പിന്നാലെ പിതാവിനെയും അദ്ദേഹത്തിന് നഷ്ടപ്പെട്ടു.തൻ്റെ കുടുംബത്തിൽ തന്നെ ആദ്യമായി സർവകലാശാല വിദ്യാഭ്യാസം നേടിയ അംഗം കൂടിയായിരുന്നു കിയർ സ്റ്റാർമർ.
അതിന് ശേഷം സോഷ്യലിസ്റ്റ് ആൾട്ടർനേറ്റീവ് എന്ന ഇടതു പക്ഷ മാസിക നടത്തി കൊണ്ടു പോകുന്നതിൽ ശ്രദ്ധ ചെലുത്തിയ അദ്ദേഹം പിന്നീട് അഭിഭാഷകനായി. 2008ഓടെ ബ്രിട്ടീഷ് ഗവൺമെൻ്റിൽ ക്രൗൺ പ്രോസിക്യൂഷനായി സേവനമനുഷ്ഠിക്കുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷൻ്റെ തലവനായി മാറുകയും ചെയ്തു.
പാർട്ടിയിലെ സോഷ്യലിസ്റ്റ് ഇടതുപക്ഷ ആശയത്തിൽ വേരൂന്നിയ വ്യക്തികളെ പുറത്താക്കിയ അദ്ദേഹത്തിൻറെ നടപടി കടുത്ത വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.ലേബർ ആദായ നികുതി വർധിപ്പിക്കുമെന്നും യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസ് ഒഴിവാക്കുമെന്നും പൊതുസേവനങ്ങൾ ദേശസാൽക്കരിക്കുമെന്നും ഉൾപ്പെടെയുള്ള നിരവധി പ്രധാന വാഗ്ധാനങ്ങളിൽ നിന്ന് പിന്മാറിയതും പലരേയും പ്രകോപിപ്പിച്ചു. എന്നിരുന്നാലും കൺസർവേറ്റീവ് പാർട്ടിയെ അട്ടിമറിച്ചു കൊണ്ട് ലേബർ പാർട്ടിയെ വിജയിപ്പിക്കാനും ബ്രിട്ടനിൽ പുതിയ അന്തരീക്ഷം സൃഷ്ടിക്കാനും കിയർ സ്റ്റാർമറിന് സാധിച്ചു. ഇനി അറിയേണ്ടത് കിയർ ഭരണരംഗത്ത് കൊണ്ടു വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് മാത്രമാണ്.