NEWSROOM

ക്രിസ്തുവിനെ അപമാനിച്ചു, മതവികാരം വ്രണപ്പെടുത്തി; സണ്ണി ഡിയോളിന്റെ 'ജാട്ടി'നെതിരെ കേസ്

ഏപ്രില്‍ 10ന് റിലീസ് ചെയ്ത ചിത്രത്തിലെ ഒരു രംഗം മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെയും മതവികാരത്തെ വല്ലാതെ വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിംഗ് എന്നിവര്‍ക്കെതിരെ കേസ്. ജാട്ട് എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 299 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജലന്ധറിലെ സദര്‍ പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ഗോപിചന്ദ് മാലിനേനിക്കും നിര്‍മാതാക്കള്‍ക്കും എതിരെയും കേസെടുത്തിട്ടുണ്ട്.

ഏപ്രില്‍ 10ന് റിലീസ് ചെയ്ത ചിത്രത്തിലെ ഒരു രംഗം മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെയും മതവികാരത്തെ വല്ലാതെ വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ക്രിസ്തുവിനെ അപമാനിച്ചുവെന്നും ആരോപണമുണ്ട്. ക്രൈസ്തവര്‍ രോഷാകുലരാകാനും രാജ്യമെമ്പാടും കലാപം പൊട്ടിപ്പുറപ്പെടാനും അശാന്തി പടര്‍ത്താനും വേണ്ടി ദുഖവെള്ളിയും ഈസ്റ്ററും ആഘോഷിക്കുന്ന ഈ സമയത്ത് സംവിധായകനും എഴുത്തുകാരനും നിര്‍മാതാവും മനപൂര്‍വം സിനിമ പുറത്തിറക്കിയതാണെന്നും പരാതിയില്‍ പറയുന്നു. സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സണ്ണി ഡിയോള്‍ കേന്ദ്ര കഥാപാത്രമായ ബോളിവുഡ് ചിത്രമാണ് ജാട്ട്. ചിത്രത്തില്‍ രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിംഗ്, സയാമി ഖേര്‍, റെജീന കസാന്ദ്ര, പ്രശാന്ത് ബജാജ്, സറീന വഹാബ്, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. 'ഡോണ്‍ സീനു', 'ബോഡിഗാര്‍ഡ്', 'വീര സിംഹ റെഡ്ഡി' തുടങ്ങിയ തെലുങ്ക് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഗോപിചന്ദ് മാലിനേനിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

മൈത്രി മൂവി മേക്കേഴ്സും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്. ആദ്യ വാരാന്ത്യത്തില്‍ ബോക്‌സ് ഓഫീസില്‍ 32 കോടി ചിത്രം കളക്ട് ചെയ്തിരുന്നു.

SCROLL FOR NEXT