NEWSROOM

AMMA ഭാരവാഹിത്വത്തില്‍ ഭിന്നത; ജഗദീഷിനെ ജന:സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ എതിര്‍പ്പ്

ജനറല്‍ സെക്രട്ടറിയെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് വേണമെന്നാണ് ആവശ്യം

Author : ന്യൂസ് ഡെസ്ക്

അഭിനേതാക്കളുടെ സംഘടന AMMA യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്‍ ജഗദീഷിനെ കൊണ്ടുവരുന്നതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം. നടിയുടെ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച സിദ്ദീഖിന് പകരം വൈസ് പ്രസിഡന്‍റായ ജഗദീഷിനെ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് വാദം ഉയര്‍ന്നിരുന്നു. ഇതില്‍ എതിര്‍പ്പുമായാണ് ഒരു വിഭാഗം രംഗത്തുവന്നത്. ജനറല്‍ സെക്രട്ടറിയെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് വേണമെന്നാണ് ആവശ്യം. നടന്‍ അനൂപ് ചന്ദ്രന്‍ അടക്കമുള്ളവര്‍ മത്സരിക്കാന്‍ തയാറാണെന്ന് AMMA-യെ അറിയിച്ചു.

അതേസമയം, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിത അംഗത്തെ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ഇക്കാര്യത്തില്‍ ഡബ്ല്യൂസിസിയുമായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ അസൗകര്യത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന എക്സിക്യൂട്ടീവ് യോഗം നീട്ടിവെച്ചു. അടിയന്തര യോഗമായതിനാല്‍ നേരിട്ടെത്തും വരെ നീട്ടിവെക്കാന്‍ മോഹന്‍ലാല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം.

കൂടുതല്‍ അംഗങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യം സംഘടനക്കുള്ളില്‍ കടുത്ത ഭിന്നത രൂപപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. പരാതി പരിശോധിക്കുന്നതില്‍ AMMA യ്ക്ക് വീഴ്ച സംഭവിച്ചെന്ന് നടന്‍ പൃഥ്വിരാജ് തുറന്നടിച്ചു. ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ ഈ നാട്ടിലെ നിയമ വ്യവസ്ഥിതി അനുസരിച്ചുള്ള മാതൃകാപരമായ ശിക്ഷ നൽകണം. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടാൽ തിരിച്ചും നടപടി വേണം. ഇരകളുടെ പേര് സംരക്ഷിക്കപ്പെടണമെന്നും പൃഥ്വിരാജ് പറഞ്ഞു

SCROLL FOR NEXT