NEWSROOM

മണവാളന്റെ മുടി മുറിച്ച് ജയിൽ അധികൃത‍ർ; യൂട്യൂബ‍‍റെ മാനസികാസ്വാസ്ഥ്യത്തെ തുട‍ർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ ജില്ലാ ജയിലിലെ അധികൃതരാണ് മുടി മുറിച്ച് മാറ്റിയത്

Author : ന്യൂസ് ഡെസ്ക്

വിദ്യാർഥികളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബ‍ർ മണവാളന്റെ മുടി മുറിച്ചു. ജയിൽ അധികൃത‍രാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഹീൻ എന്ന മണവാളൻ്റെ മുടി മുറിച്ചത്. തൃശൂർ ജില്ലാ ജയിലിലെ അധികൃതരാണ് മുടി മുറിച്ച് മാറ്റിയത്. ഇന്നലെയാണ് ജയിൽ അധികൃതരുടെ നടപടി. മുടി മുറിച്ചതിനെത്തുടർന്ന് മണവാളന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യൂട്യൂബ‍‍റെ മാനസികാസ്വാസ്ഥ്യത്തെ തുട‍ർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

2024 ഏപ്രിലിലാണ് വിദ്യാർഥികളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം. തൃശൂർ പൂരത്തിന് സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു എരനല്ലൂർ സ്വദേശിയായ മുഹമ്മദ് ഷഹീൻ. ഷഹീനും സുഹൃത്തുക്കളും കേരള വർമ കോളേജിന് മുൻപിലെ കടയിലെത്തിയപ്പോൾ, കോളേജ് വിദ്യാർഥികളുമായി വാക്‌തർക്കമുണ്ടായിരുന്നു. തുടർന്ന് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥികളെ ഇയാൾ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തൃശൂർ മണ്ണുത്തി സ്വദേശി ഗൗതം കൃഷ്ണയെ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തിയെന്നാണ് കേസ്. കൊലപാതകശ്രമത്തിൽ വിദ്യാർഥികൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. വിഷയത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഷഹീൻ ഒളിവിൽ പോയി. മാസങ്ങൾക്ക് ശേഷമുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. ജനുവരി 20നാണ് ഒളിവില്‍ പോയ മുഹമ്മദ് ഷഹീന്‍ ഷായെ കുടകില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. 

SCROLL FOR NEXT