ശ്രീലങ്കന്‍ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ, പ്രധാനമന്ത്രി ഹരിണി അമരസൂര്യ, വിദേശകാര്യ മന്ത്രി വിജിതാ ഹെറാത്ത് എന്നിവരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ശ്രീലങ്കന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായുള്ള ഉന്നതതല യോഗത്തിനായി കൊളംബോയിൽ എത്തിയപ്പോഴാണ് എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തിയത്. പ്രസിഡൻ്റ് അനുര കുമാര ദിസനായകെയെ എസ്. ജയശങ്കര്‍ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ശ്രീലങ്കയിൽ സാമ്പത്തിക വീണ്ടെടുക്കലും രാഷ്ട്രീയ പുനഃക്രമീകരണവും ലക്ഷ്യമിട്ടുള്ള പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ ശേഷിക്കെയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ശ്രീലങ്കയിലെത്തിയത്. മുൻ ശ്രീലങ്കൻ പ്രസിഡൻ്റ് ആയിരുന്ന റെനിൽ വിക്രമസിങ്കെ, പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ എന്നിവരുമായും എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി.
ALSO READ: ആദ്യ ഉഭയകക്ഷി സന്ദർശനത്തിനായി മാലിദ്വീപ് പ്രസിഡൻ്റ് ഇന്ത്യയിലേക്ക്; സന്ദർശനം ഒക്ടോബർ 6 മുതൽ 10 വരെ
ഊർജ സഹകരണം മുഖ്യ വിഷയമായ കൂടിക്കാഴ്ചയിൽ കാങ്കസന്തുറൈ തുറമുഖത്തിൻ്റെ നവീകരണവും ചർച്ചാവിഷയമായി എന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കൻ റെയിൽവേയിലേക്ക് 22 ഡീസൽ ലോക്കോമോട്ടീവുകൾ ഇന്ത്യയിൽ നിന്ന് നൽകാനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.