NEWSROOM

രണ്ടാം ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ പകവീട്ടല്‍; ആദ്യ പന്തില്‍ ജയ്സ്വാള്‍ ഡക്ക്, രണ്ട് ലൈഫ് ലൈന്‍ കിട്ടിയ രാഹുലും പിന്നാലെ കോഹ്‌ലിയും പുറത്ത്

സ്കോട്ട് ബോളണ്ട് ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റും എടുത്തതോടെ, പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ പതറുകയാണ്

Author : ന്യൂസ് ഡെസ്ക്



ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രതികാരം. ആദ്യ ടെസ്റ്റ് മത്സരത്തിലെ വാക്ക് പോരാട്ടങ്ങള്‍ക്ക് മറുപടിയെന്നോണമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സ്റ്റാര്‍ക്ക് നാശം വിതച്ചത്. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഹര്‍ഷിത് റാണയെ സ്ലെഡ്ജ് ചെയ്തതിന് സ്റ്റാര്‍ക്കിനോട് പ്രതികരിച്ച യശ്വസി ജയ്സ്വാളായിരുന്നു ആദ്യ ഇര. ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ ജയ്സ്വാളിനെ പുറത്താക്കിയ സ്റ്റാര്‍ക്ക് കെ.എല്‍ രാഹുല്‍, വിരാട് കോഹ്‌ലി എന്നിവരെയും ഡ്രസിങ് റൂമിലെത്തിച്ചു. പരുക്കേറ്റ ജോഷ് ഹെയ്സല്‍വുഡിനു പകരം ടീമിലെത്തിയ സ്കോട്ട് ബോളണ്ട് ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റും എടുത്തതോടെ, പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ പതറുകയാണ്.

പെര്‍ത്തിലെ ആദ്യ ടെസ്റ്റ് മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ ഡേ–നൈറ്റ് ടെസ്റ്റിന് എത്തിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി യശ്വസി ജയ്സ്വാളും കെ.എല്‍ രാഹുലുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. എന്നാല്‍, ആദ്യ പന്തില്‍ തന്നെ ഇന്ത്യ ഞെട്ടി. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഓസീസ് നിരയെ അടിച്ചുതകര്‍ത്ത യശസ്വി ജയ്സ്വാളിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുരുക്കി. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലും സ്റ്റാര്‍ക്ക് തന്നെയാണ് യശ്വസിയെ പൂജ്യത്തിന് പുറത്താക്കിയത്.

സ്കോര്‍ബോര്‍ഡ് തുറുക്കുംമുന്‍പേ ആദ്യ വിക്കറ്റ് വീണതോടെ, ഇന്ത്യ പരുങ്ങി. പിന്നെ ശ്രദ്ധയോടെയായിരുന്നു ബാറ്റിങ്. അതിനിടെ, രാഹുല്‍ രണ്ട് തവണ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. പരുക്കേറ്റ ജോഷ് ഹെയ്സല്‍വുഡിനു പകരം ടീമിലെത്തിയ സ്കോട്ട് ബോളണ്ടിന്റെ ആദ്യ ഓവറിലായിരുന്നു രാഹുലിന് രണ്ട് ലൈഫ് ലൈന്‍ കിട്ടിയത്. എട്ടാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു ആദ്യത്തേത്. ഗുഡ് ലെങ്ത് ഡെലിവറിയെ പ്രതിരോധിക്കാനുള്ള രാഹുലിന്റെ ശ്രമം ഭേദിച്ചുകൊണ്ട് പന്ത് ഓഫ് സ്റ്റംപിന് മുകളിലൂടെ പാഞ്ഞു. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരി പന്ത് കൈയിലൊതുക്കി. ഓസീസ് ടീം ആഘോഷം തുടങ്ങിയതോടെ, രാഹുല്‍ പതുക്കെ പുറത്തേക്ക് നടന്നു. അപ്പോഴേക്കും അമ്പയര്‍ നോ ബോള്‍ വിളിച്ചു. അതോടെ രാഹുല്‍ വീണ്ടും ക്രീസിലേക്ക്. ബോളണ്ടിന്റെ കാല്‍പ്പാദം വര ക്രോസ് ചെയ്തിരുന്നു. മാത്രമല്ല, സ്നിക്കോ ടെസ്റ്റില്‍ പന്ത് എഡ്ജ് ചെയ്തതിന്റെ ലക്ഷണം പോലുമുണ്ടായിരുന്നില്ല. അതേ ഓവറിലെ അഞ്ചാം പന്തിലായിരുന്നു അടുത്ത ലൈഫ് ലൈന്‍. രാഹുല്‍ നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജ വിട്ടുകളഞ്ഞു. 50-50 ചാന്‍സിലായിരുന്നു രാഹുലിന്റെ രണ്ടാം ലൈഫ് ലൈന്‍.

ശുഭ്‌മാന്‍ ഗില്‍ നങ്കൂരമുറപ്പിച്ചതോടെ, രാഹുലും ബാറ്റിങ്ങില്‍ താളം കണ്ടെത്തി. എന്നാല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് വീണ്ടും ഇന്ത്യന്‍ നിരയില്‍ നാശം വിതച്ചു. 19-ാം ഓവറിന്റെ നാലാം പന്തില്‍ രാഹുലിനെ സ്റ്റാര്‍ക്ക് മക് സീനിയുടെ കൈയിലെത്തിച്ചു. ഗള്ളിയില്‍ മികച്ച ഡൈവിങ് ക്യാച്ചിലൂടെയായിരുന്നു മക് സീനി രാഹുലിനെ പുറത്താക്കിയത്. പിന്നാലെ വിരാട് കോഹ്‍ലി ക്രീസിലെത്തി. പക്ഷേ, അടുത്ത ഓവര്‍ എറിയാനെത്തിയ സ്റ്റാര്‍ക്ക് വീണ്ടും നാശം വിതച്ചു. 21-ാം ഓവറിലെ ആദ്യ പന്തില്‍ കോഹ്‌ലി പുറത്ത്. എഡ്ജ് ചെയ്ത പന്ത് സ്മിത്തിന്റെ കൈപ്പിടിയിലൊതുക്കി.

അടുത്ത പ്രഹരം ബോളണ്ടിന്റെ വകയായിരുന്നു. ഒരറ്റത്ത് ശ്രദ്ധയോടെ ബാറ്റ് വീശിക്കൊണ്ടിരുന്ന ശുഭ്മാന്‍ ഗില്‍ ആയിരുന്നു ഇര. 22-ാം ഓവറിലെ ആദ്യ പന്തില്‍ ബോളണ്ട് ഗില്ലിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി. 17 മാസങ്ങള്‍ക്കുശേഷം ടെസ്റ്റിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കുകയായിരുന്നു ബോളണ്ട്. തുടക്കം മുതല്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വെള്ളംകുടിപ്പിച്ച ബോളണ്ടിന് അര്‍ഹിച്ച വിക്കറ്റ് ഗില്ലിലൂടെ സ്വന്തമായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍, നാല് വിക്കറ്റിന് 82 റണ്‍സെന്ന നിലയിലായി ഇന്ത്യ. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍.

ആദ്യ ടെസ്റ്റ് മത്സരത്തിനിടെ നടന്ന സ്ലെഡ്ജിങ്ങും തുടര്‍ന്നുള്ള സംഭവങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ബാറ്റിങ്ങില്‍ തകര്‍ന്നടിഞ്ഞിരുന്നു. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ ജസ്പ്രീത് ബൂമ്രയും ഹര്‍ഷിത് റാണയും അടങ്ങുന്ന ഇന്ത്യന്‍ ബൗളര്‍മാരും വരിഞ്ഞുമുറുക്കി. സ്റ്റാര്‍ക്കിനെതിരെ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞ് ഹര്‍ഷിത് റാണ ബുദ്ധിമുട്ടിച്ചിരുന്നു. അതിന്, "എനിക്ക് നിന്നേക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിയും. നല്ല ഓര്‍മ ശക്തിയുമുണ്ട്" എന്നായിരുന്നു സ്റ്റാര്‍ക്കിന്റെ പ്രതികരണം. അതിന് ഇന്ത്യന്‍ നിരയില്‍ നിന്നുള്ള മറുപടി രണ്ടാം ഇന്നിങ്സിലായിരുന്നു. ആദ്യ ഇന്നിങ്സില്‍ സ്റ്റാര്‍ക്ക് പൂജ്യത്തിന് പുറത്താക്കിയ ജയ്സ്വാളായിരുന്നു സ്റ്റാര്‍ക്കിന് മറുപടി പറഞ്ഞത്. സ്റ്റാര്‍ക്കിനെതിരെ ജയ്സ്വാള്‍ ഒരു ബൗണ്ടറി നേടിയതിനു പിന്നാലെയായിരുന്നു സംഭവം. ആ ബൗണ്ടറി സ്റ്റാര്‍ക്കിനെ കൂടുതല്‍ ഉഗ്രരൂപിയാക്കുമെന്നായിരുന്നു കമന്റേറ്റര്‍മാര്‍ പറഞ്ഞത്. അത് ശരിവച്ചുകൊണ്ട് 141 കി.മീ വേഗത്തിലാണ് സ്റ്റാര്‍ക്ക് അടുത്ത പന്ത് എറിഞ്ഞത്. അത് ഡ്രൈവ് ചെയ്യാനുള്ള ജയ്സ്വാളിന്റെ ശ്രമം വിജയിച്ചില്ല. തൊട്ടടുത്ത പന്തില്‍ ടെക്സ്റ്റ് ബുക്ക് സ്റ്റൈല്‍ ഡിഫന്‍സ് ഷോട്ട് കളിച്ചശേഷം, 'പന്തിന് വേഗം പോരാ എന്നായിരുന്നു' ജയ്സ്വാള്‍ സ്റ്റാര്‍ക്കിനോട് പ്രതികരിച്ചത്. ഒന്നും മിണ്ടാതെ സ്റ്റാര്‍ക്ക് ബൗളിങ് തുടര്‍ന്നു. എല്ലാത്തിനുമുള്ള മറുപടിയാണ് അഡ്‌ലെയ്ഡില്‍ സ്റ്റാര്‍ക്ക് ഇന്ത്യക്ക് നല്‍കിക്കൊണ്ടിരിക്കുന്നതെന്നാണ് ഇതുവരെയുള്ള മത്സരത്തില്‍ നിന്ന് മനസിലാക്കാനാകുന്നത്.

SCROLL FOR NEXT