സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ജമാഅത്തെ ഇസ്ലാമി. മുസ്ലീം സമുദായത്തെ സിപിഎം അപരവത്കരിക്കുന്നെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ പറഞ്ഞു. തെരഞ്ഞെടുപ്പുകളിലെ പരാജയം മറക്കാനും ഹൈന്ദവ-ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിക്കാനും അപകടകരമായ സോഷ്യൽ എൻജിനീയറിങ് നടത്തുകയാണ് സിപിഎമ്മെന്നും പി.മുജീബ് റഹ്മാൻ ആരോപിച്ചു. കോഴിക്കോട് മുക്കത്ത് നടന്ന ജമാഅത്തെ ഇസ്ലാമിയുടെ പൊതുയോഗത്തിലാണ് പി മുജീബ് റഹ്മാന്റെ വിമർശനം.
അധികാരത്തിനുവേണ്ടി സിപിഎം സംഘപരിവാറിനെ പ്രീതിപ്പെടുത്തുന്നെന്ന ആരോപണവും മുജീബ് റഹ്മാൻ ഉന്നയിച്ചു. തെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയത്തെ രാഷ്ട്രീയമായി മനസ്സിലാക്കാതെ, ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തി കൊണ്ടുള്ള അപകടകരമായ രാഷ്ട്രീയ നീക്കങ്ങളാണ് സിപിഎം നടത്തുന്നത്. സിപിഎം കുഴിക്കുന്നത് സ്വന്തം കുഴിയെന്ന് പറഞ്ഞ പി. മുജീബ് റഹ്മാൻ, മൗദൂദി സാഹിത്യം വായിച്ച് തീവ്രവാദിയായ ഒരാളെ കാണിച്ചു തരാൻ സിപിഎമ്മിനെ വെല്ലുവിളിക്കുകയും ചെയ്തു.
സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയും ആരോപണ-പ്രത്യാരോപണങ്ങൾ തുടരുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെയും സംഘപരിവാറിന്റെയും ആവശ്യം മതരാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി അമീര്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയവരാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പക്ഷം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുന്നതില്‍ എന്താ കുഴപ്പം എന്നായിരുന്നു അവർ ചോദിച്ചത്. കശ്മീരില്‍ സിപിഎം നേതാവ് തരിഗാമിക്കെതിരെ ബിജെപി സഖ്യത്തില്‍ മത്സരിച്ചവരാണ് ജമാഅത്തെ ഇസ്ലാമി യെന്നും എം.വി. ഗോവിന്ദന്‍ വിമർശിച്ചിരുന്നു.