NEWSROOM

സിപിഎമ്മിന് എന്ന് മുതലാണ് ജമാഅത്തെ ഇസ്ലാമി ഭീകര സംഘടനയായത്?; ഇടതുപക്ഷം കളിക്കുന്നത് അപകട രാഷ്ട്രീയം: പി മുജീബ് റഹ്മാൻ

സമീപകാലത്ത് അപകടകരമായ രാഷ്ട്രീയമാണ് ഇടതുപക്ഷ പ്രസ്ഥാനം കളിക്കുന്നെന്നും ജമാ അത്ത് ഇസ്ലാമിയെ ടാര്‍ഗറ്റ് ചെയ്യുന്നു എന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ പ്രസ്ഥാനത്തിനേറ്റ കനത്ത പ്രഹരമാണെന്ന് കേരള ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ജമാഅത്തെ ഇസ്ലാമി വിമര്‍ശനങ്ങള്‍ക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ജിഐഒ ദക്ഷിണ കേരള സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു മുജീബ് റഹ്‌മാന്‍.

പാലക്കാട്ടെ വോട്ടര്‍മാരെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ച മുജീബ് റഹ്‌മാന്‍ പാലക്കാട് ധ്രുവീകരണ രാഷ്ട്രീയം ഉണ്ടായെന്നും പറഞ്ഞു. സെക്കുലര്‍ പാര്‍ട്ടിയില്‍ നിന്നാണ് അത്തരം സമീപനം ഉണ്ടായത്. അപകടകരമായ രാഷ്ട്രീയമാണ് സമീപകാലത്ത് ഇടതുപക്ഷ പ്രസ്ഥാനം കളിക്കുന്നെന്നും ജമാഅത്തെ ഇസ്ലാമിയെ ടാര്‍ഗറ്റ് ചെയ്യുന്നു എന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.

സന്ദീപ് വാര്യര്‍ പാര്‍ട്ടി മാറിയത് ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം ഒരു ഘടകമല്ല. എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവനകളില്‍ കൂടുതല്‍ തവണ പറഞ്ഞത് ജമാഅത്തെ ഇസ്ലാമിയെ കുറിച്ചായിരുന്നു എന്നും മുജീബ് പറഞ്ഞു.


യുഡിഎഫിന്റെ കൂടെ നിന്ന് ജമാഅത്തെ ഇസ്ലാമി ബിജെപിക്കെതിരെ പ്രവര്‍ത്തിച്ചതിന് എം.വി. ഗോവിന്ദന്‍ എന്തിനാണ് അസ്വസ്ഥപ്പെടുന്നത്? എന്ന് മുതലാണ് ജമാഅത്തെ ഇസ്ലാമി ഭീകര സംഘടന ആയത്? 2024 ന് ശേഷമാണോ ജമാത്തെ ഇസ്ലാമിയുടെ തീവ്രവാദി ഇലമെന്റ് ഇവര്‍ കാണുന്നത്? നീണ്ട പതിറ്റാണ്ട് കാലം പിന്തുണ സ്വീകരിച്ച പ്രസ്ഥനത്തെയാണ് സിപിഎം ഇപ്പോള്‍ തീവ്രവാദികള്‍ ആക്കുന്നതെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.

മുനമ്പത്ത് ആരും കുടിയൊഴിപ്പിക്കപ്പെടരുത് എന്ന നിലപാടാണ് മുസ്ലിം സമൂഹത്തിന്. എന്നാല്‍ അതിന്റെ മറവില്‍ വഖഫ് ഭൂമികള്‍ തട്ടിയെടുക്കാമെന്ന് ഭൂമാഫിയകള്‍ കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് യുഡിഎഫ് വിജയിച്ചത് വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ചുകൊണ്ടാണ് എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. എസ്ഡിപിഐ ആണ് അവിടെ പ്രകടനം നടത്തിയത്. കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

പാലക്കാട് ബിജെപിയുടെ വോട്ട് എങ്ങോട്ടാണ് പോയതെന്ന് എല്ലാവരും പരിശോധിക്കണം. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും കോണ്‍ഗ്രസിനൊപ്പം നിന്നു. ബിജെപി വോട്ട് കോണ്‍ഗ്രസിന് മറിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.



SCROLL FOR NEXT