NEWSROOM

"വയനാടിനായി ഒന്നും ചെയ്യുന്നില്ല, ലഭിച്ച പണം വിനിയോഗിക്കുന്നില്ല"; പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ജമാഅത്തെ ഇസ്‌ലാമി

"ഏഴ് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ല. സർക്കാർ നിസ്സംഗമായി നിൽക്കുന്നു"

Author : ന്യൂസ് ഡെസ്ക്

വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ജമാഅത്തെ ഇസ്‌ലാമി. വയനാടിനായി ഒന്നും ചെയ്യുന്നില്ലെന്നും, ലഭിച്ച പണം വിനിയോഗിക്കുന്നില്ലെന്നും വയനാട് പുനരധിവാസത്തിൽ ജമാഅത്തെ ഇസ്‌ലാമി വിമ‍ർശിച്ചു.

സംസ്ഥാന സർക്കാർ വയനാടിനായി ഒന്നും ചെയ്യുന്നില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പറഞ്ഞു. ഏഴ് മാസം കഴിഞ്ഞിട്ടും സ‍ർക്കാർ ഒരു നടപടിയും കൈക്കൊണ്ടില്ല. സർക്കാർ നിസ്സംഗമായി നിൽക്കുന്നു. സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കുന്നില്ല. ലഭിച്ച പണം വിനിയോഗിക്കുന്നില്ല. വൈദ്യുതി ബന്ധം പോലും ഇതുവരെ നൽകാനായിട്ടില്ലെന്നും ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബ് റഹ്മാൻ വിമ‍ർശിച്ചു.

അതേസമയം, വയനാട് ചൂരൽമലയിൽ പാലം നിർമിക്കാൻ ധനവകുപ്പ് കഴിഞ്ഞ ദിവസം 35 കോടി രൂപ അനുവദിച്ചിരുന്നു. വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കുമെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ചൂരൽമല ടൗണിൽ നിന്ന് മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലായിരിക്കും പാലത്തിന്റെ നിർമാണം.

വയനാട് പുനരധിവാസത്തിന് അപ്രായോഗിക വ്യവസ്ഥകളോടെ കേന്ദ്രസര്‍ക്കാര്‍ 529 കോടി വായ്പ അനുവദിച്ചിരുന്നു. അമ്പത് വര്‍ഷത്തെ തിരിച്ചടവ് കാലയളവിലേക്ക് 529 കോടി രൂപയാണ് കേരളത്തിന് വായ്പയായി അനുവദിച്ചത്. തുക ഒന്നര മാസത്തിനുള്ളില്‍ ചെലവഴിച്ച് കണക്ക് ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. മാര്‍ച്ച് 31 നകം തുക ചെലവഴിച്ചതിന്റെ രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. കെഎസ്ഡിഎംഎ വഴി വിവിധ വകുപ്പുകളിലൂടെയാണ് പുനരധിവാസത്തിനായി തുക ചെലവഴിക്കേണ്ടത്. ക്യാപക്‌സ് വായ്പയായി 529.50 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.

ടൗണ്‍ഷിപ്പ് അടക്കം സംസ്ഥാനം നല്‍കിയ 15 പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചത്. ഫെബ്രുവരി പകുതിയോടെ അനുവദിച്ച തുക മാര്‍ച്ച് അവസാനത്തോടെ പതിനഞ്ച് പദ്ധതികള്‍ക്കായി ചെലവഴിച്ച് രേഖകള്‍ സമര്‍പ്പിക്കാനുള്ള നിര്‍ദേശം സംസ്ഥനത്തിന് വെല്ലുവിളിയായേക്കും.

SCROLL FOR NEXT