NEWSROOM

അവതാര്‍ 2 മൂന്ന് മണിക്കൂറും 12 മിനിറ്റും നീളമുണ്ടായിരുന്നു: മൂന്നാം ഭാഗം അതിലും കൂടുതല്‍ ഉണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍

2025 ഡിസംബര്‍ 19നാണ് അവതാറിന്റെ മൂന്നാം ഭാഗമായ ഫയര്‍ ആന്‍ഡ് ആഷ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


സംവിധായകന്‍ ജെയിംസ് കാമറൂണ്‍ അടുത്തിടെ അവതാര്‍ 3യുടെ നീളത്തെ കുറിച്ച് സംസാരിച്ചു. ചിത്രം രണ്ടാം ഭാഗത്തേക്കാള്‍ കൂടുതല്‍ സമയം ഉണ്ടാകുമെന്നാണ് ജെയിംസ് കാമറൂണ്‍ പറയുന്നത്. ദ വേ ഓഫ് വാട്ടര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം മൂന്ന് മണിക്കൂറും 12 മിനിറ്റുമാണ് നീളമുണ്ടായിരുന്നത്. അതിലും കൂടുതല്‍ സമയം മൂന്നാം ഭാഗമുണ്ടായിരിക്കുമെന്ന് ജെയിംസ് കാമറൂണ്‍ അറിയിച്ചതായി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ചുരുക്കത്തില്‍ പറഞ്ഞാല്‍ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ക്ക് വളരെ അധികം മികച്ച ആശയങ്ങള്‍ ഉണ്ടായിരുന്നു. സിനിമ ഒരു ബുള്ളറ്റ് ട്രെയിന്‍ പോലെ നീങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ വേണ്ടത്ര കഥാപാത്രങ്ങളെ ഇറക്കാന്‍ ഞങ്ങള്‍ക്കായില്ല. അതിനാല്‍ ഞാന്‍ പറഞ്ഞു, ഇത് രണ്ട് ഭാഗമാക്കണമെന്ന്', ജെയിംസ് കാമറൂണ്‍ പറഞ്ഞു. സിനിമുടെ മൂന്നാം ഭാഗം രണ്ടാം ഭാഗത്തിനേക്കാള്‍ സമയം കൂടുതലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെയിംസ് കാമറൂണിനെ സംബന്ധിച്ച് സിനിമയുടെ സമയക്കൂടുതല്‍ ഒരു കാര്യമല്ലായിരുന്നു. ആദ്യത്തെ രണ്ട് ഭാഗങ്ങളും ഏറ്റവും വലിയ തിയേറ്റര്‍ റിലീസുകളായിരുന്നു. 2009ല്‍ പുറത്തിറങ്ങിയ അവതാര്‍ ഇതുവരെയുള്ള ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാമതാണ്. വേ ഓഫ് വാട്ടര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

കാമറൂണ്‍ ഒപ്പം ഫയര്‍ ആന്‍ഡ് ആഷസ് (മൂന്നാം ഭാഗം) എഴുതിയ അമാണ്ട സില്‍വര്‍ പറഞ്ഞത് ദ വേ ഓഫ് വാട്ടറും ഫയര്‍ ആന്‍ഡ് ആഷസും രണ്ട് സിനിമകളാണെന്നാണ്. ഈ സിനിമകള്‍ അതിന്റെ കഥാതന്ദുവിനേക്കാള്‍ എത്രയോ വലുതാണ്. കാരണം ഈ കഥാപാത്രങ്ങളെല്ലാം തന്നെ യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും അമാണ്ട വ്യക്തമാക്കി.

ഫയര്‍ ആന്‍ഡ് ആഷ് വളരെ രസകരമായ സിനിമയായിരിക്കും. നിങ്ങള്‍ക്ക് അത് വളരെ അധികം ഇഷ്ടപ്പെടും എന്നാണ് കാമറൂണ്‍ കഴിഞ്ഞ വര്‍ഷം മൂന്നാം ഭാഗത്തെ കുറിച്ച് പറഞ്ഞത്.

അതോടൊപ്പം നാലാം ഭാഗവും അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നതിനെ കുറിച്ചും കാമറൂണ്‍ സംസാരിച്ചു. 'എന്നില്‍ ഒരുപാട് ഊര്‍ജമുണ്ട്. അവ എഴുതി കഴിഞ്ഞിരിക്കുന്നു. ഒരു മാസം മുമ്പ് ഞാന്‍ അത് വീണ്ടും വായിച്ചിരുന്നു. അതി ഗംഭീരമായ കഥകളാണ് അവ. എനിക്ക് എന്തെങ്കിലും അപകടം പറ്റി ശ്വസിക്കാന്‍ സാധിക്കാതായാല്‍ അത് മറ്റാരെങ്കിലും ചെയ്യും', എന്നാണ് അദ്ദേഹം പറഞ്ഞത്.

2025 ഡിസംബര്‍ 19നാണ് അവതാറിന്റെ മൂന്നാം ഭാഗമായ ഫയര്‍ ആന്‍ഡ് ആഷ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അവതാര്‍ 4 2029 ഡിസംബര്‍ 21നും അവതാര്‍ 5 2031 ഡിസംബര്‍ 19നുമാണ് റിലീസ് ചെയ്യുക.

SCROLL FOR NEXT