NEWSROOM

"ഞങ്ങൾ രാജ്യത്തിനും, സര്‍ക്കാരിനുമൊപ്പം"; തുര്‍ക്കിയുമായുള്ള എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കി ജാമിയ മിലിയ യൂണിവേ‌ഴ്‌സിറ്റി

ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ജെഎൻയുവും തുർക്കിയുമായുള്ള അക്കാദമിക് കരാർ നിർത്തിവെച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

തുര്‍ക്കിയിലെ യൂണിവേ‌ഴ്‌സിറ്റികളുമായുള്ള എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കി ജാമിയ മിലിയ യൂണിവേ‌ഴ്‌സിറ്റി. ഞങ്ങൾ രാജ്യത്തിനും, സര്‍ക്കാരിനുമൊപ്പമാണെന്നും, ദേശീയ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ജാമിയ മിലിയ ഇസ്ലാമിയയുടെ പിആർഒ പ്രൊഫസർ സൈമ സയീദ് എഎൻഐയോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.


ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ജെഎൻയുവും തുർക്കിയുമായുള്ള അക്കാദമിക് കരാർ നിർത്തിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജാമിയ മിലിയ യൂണിവേ‌ഴ്‌സിറ്റി തീരുമാനം പുറത്തുവിട്ടത്. തുർക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. അത് അവഗണിക്കാൻ കഴിയില്ലെന്നും ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറഞ്ഞു. 2028 വരെയാണ് യൂണിവേഴ്സിറ്റികൾ തുര്‍ക്കിയുമായി ധാരണപത്രം ഒപ്പുവെച്ചിരുന്നത്.


പാകിസ്ഥാനെ നയതന്ത്രപരമായും സൈനികമായും പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന തുർക്കി, അസർബൈജാൻ എന്നിവയ്‌ക്കെതിരെയുള്ള നടപടികൾ ഇന്ത്യയിൽ ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യക്കാര്‍ തുര്‍ക്കിയിലേക്കുള്ള വിനോദസഞ്ചാരം വേണ്ടെന്നു വയ്ക്കുകയും മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രിപ്പുകള്‍ ക്യാന്‍സല്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

മെയ്ക്ക് മൈ ട്രിപ്പ്, ഈസ് മൈ ട്രിപ്പ് പോലുള്ള പ്രമുഖ യാത്രാ പ്ലാറ്റ്‌ഫോമുകൾ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രാ ബുക്കിങ്ങുകൾ റദ്ദാക്കുന്നതിൽ വർധന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുര്‍ക്കി, അസര്‍ബൈജാന്‍,ചൈന എന്നിവിടങ്ങളിലേക്കുള്ള ഫ്ലെറ്റ്, ഹോട്ടല്‍ ബുക്കിങ്ങുകള്‍, എന്നിവ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ട്രാവല്‍ ബുക്കിംങ് സൈറ്റായ ഇക്‌സിഗോ എക്‌സില്‍ കുറിച്ചിരുന്നു.

SCROLL FOR NEXT