NEWSROOM

ആറു വർഷത്തിനുശേഷം ജമ്മു കശ്മീരിൽ ബജറ്റ് അവതരണം; സാമ്പത്തിക വളർച്ചയിലേക്കുള്ള റോഡ്‌മാപ്പെന്ന് ഒമർ അബ്ദുള്ള

സാമ്പത്തിക വളർച്ചയ്ക്കുള്ള മാർഗരേഖയാണിതെന്നും, ജനാഭിലാഷത്തിൻ്റെ പ്രതിഫലനമാണ് ബജറ്റിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ആറ് വർഷത്തിനു ശേഷം ജമ്മു കശ്മീര്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു. 2025-26 വർഷത്തേക്കുള്ള 1.12 ലക്ഷം കോടി രൂപയുടെ ബജറ്റാണ്  മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ ഒമർ അബ്ദുള്ള അവതരിപ്പിച്ചത്. സമഗ്ര വളർച്ചയ്ക്ക് ഊന്നൽ നൽകി കൊണ്ടുള്ള ബജറ്റാണ്  അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  "ജമ്മു കാശ്മീരിൻ്റെ ധനകാര്യമന്ത്രിയെന്ന നിലയിൽ ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചതിൽ താൻ സന്തോഷവാനാണ്.  സാമ്പത്തിക വളർച്ചയ്ക്കുള്ള മാർഗരേഖയാണിതെന്നും, ജനാഭിലാഷത്തിൻ്റെ പ്രതിഫലനമാണ് ബജറ്റിലുള്ളതെന്നും" മുഖ്യമന്ത്രി അറിയിച്ചു.

"നമുക്ക് മുന്നിലുള്ള വെല്ലുവിളികൾ വളരെ വലുതാണ്. പക്ഷേ അത്തരം വെല്ലുവിളികളെ അചഞ്ചലമായ ദൃഢനിശ്ചയത്തോടെ നേരിടാൻ നാം പ്രതിജ്ഞയെടുക്കണം", മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഈ ബജറ്റ് ജനങ്ങളുടെ സ്വപ്നങ്ങളുടേയും, ഭാവി തലമുറയുടെ ആവശ്യങ്ങളുടേയും അഭിലാഷങ്ങളുടേയും, യാഥാർഥ പ്രതിഫലനമാക്കി മാറ്റാൻ ശ്രമിച്ചുട്ടെണ്ടന്നും അദ്ദേഹം വ്യക്തമാക്കി. 
സംസ്ഥാനത്തിൻ്റെ പുരോഗതിക്ക് പിന്തുണ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കും, ധനകാര്യ മന്ത്രി നിർമല സിതാരാമനും ഒമര്‍ നന്ദിയും അറിയിച്ചു. 

പ്രാദേശിക അസമത്വങ്ങൾ ഇല്ലാതാക്കുക, യുവാക്കളെയും സ്ത്രീകളെയും ശാക്തീകരിക്കുക, നിക്ഷേപവും നവീകരണവും ആകർഷിക്കുന്നതിനായി ബിസിനസ് സൗഹൃദ അന്തരീക്ഷം വളർത്തിയെടുക്കുക, എന്നിവയാണ് ബജറ്റിന്റെ ലക്ഷ്യം. ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് എത്തുന്നതോടെ സമാധാനത്തിൻ്റെയും, സമൃദ്ധിയുടേയും, പുതിയ തലത്തിലേക്കാണ് സംസ്ഥാനം എത്തിനിൽക്കുന്നതെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു. 2047 ആകുമ്പോഴേക്കും ഇന്ത്യയുടെ വികസന ദർശനത്തിൽ നിർണായക പങ്ക് വഹിക്കുന്നതിലൂടെ, മുൻനിര മേഖലയായി ജമ്മു കശ്മീർ ഉയർന്നുവരുമെന്ന ആത്മവിശ്വാസവും ഒമർ അബ്ദുള്ള പ്രകടിപ്പിച്ചു.

ആറ് വർഷത്തിനു ശേഷമാണ് ജമ്മു കശ്മീര്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കുകയും, 2019ല്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ ബജറ്റാണ് ഒമർ അബ്ദുള്ള അവതരിപ്പിച്ചത്. 2018ലാണ് ജമ്മു കശ്മീരിൽ പിഡിപി -ബിജെപി സർക്കാരിൻ്റെ നേതൃത്വത്തിൽ അവസാനത്തെ ബജറ്റ് അവതരണം നടന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നാഷണൽ കോൺഫറൻസ് നേതാവായ ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായി അധികാരമേറ്റത്.

SCROLL FOR NEXT