നാശനഷ്ടങ്ങള്‍ പൂര്‍ണമായും വിലയിരുത്തിയ ശേഷം ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കുപ്വാരയിലെ പാക് ഷെല്ലിങ്ങില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് ഒമര്‍ അബ്ദുള്ള ഇക്കാര്യം വ്യക്തമാക്കിയത്.
'ദൈവം സഹായിച്ച് നമുക്ക് ഇവിടെ ആരുടെയും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. വീടുകള്‍, കടകള്‍, മദ്രസകള്‍ പോലെയുള്ള പൊതുസ്വത്തുക്കളാണ് നഷ്ടപ്പെട്ടതില്‍ അധികവും. ജില്ലാ കളക്ടര്‍ ഒപ്പമുണ്ട്. ഈ സംഘം നാശനഷ്ടങ്ങള്‍ വിലയിരുത്തും. അതിന് ശേഷം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനുള്ള ബങ്കറുകള്‍ ഉണ്ട്. പക്ഷെ അതൊന്നും കുറേ കാലത്തേക്ക് ആവശ്യമില്ലായിരുന്നു. അതിര്‍ത്തികളിലും നിയന്ത്രണ രേഖയോട് ചേര്‍ന്നും വ്യക്തിഗത ബങ്കറുകള്‍ നിര്‍മിക്കും,' ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ ബാധിക്കപ്പെട്ട കുപ്വാരയിലെ ജനങ്ങളെ കഴിഞ്ഞ ദിവസമാണ് ഒമര്‍ അബ്ദുള്ള സന്ദര്‍ശിച്ചത്. അവിടുത്തെ ജനങ്ങളുടെ തോളോട് തോള്‍ ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം ഒമര്‍ അബ്ദുള്ള എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ സബ് ജില്ലാ ആശുപത്രിയിലെത്തി അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഉറി, പൂഞ്ച്, കുപ്വാര എന്നീ പ്രദേശങ്ങളിലാണ് പാകിസ്ഥാന്‍ കനത്ത ഷെല്ലാക്രമണം നടത്തിയത്. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ കരാറിലെത്തിയതിന് പിന്നാലെ ജമ്മു കശ്മീര്‍ ശാന്തമാണ്.