NEWSROOM

ഒമറിന്റെ കൈപിടിച്ച് രാഹുല്‍, കനലായി തരിഗാമി; ജമ്മു കശ്മീരില്‍ ജയിച്ച് 'ഇന്ത്യ'

ഹരിയാനയില്‍ അമ്പേ പരാജയപ്പെട്ട ആം ആദ്മി പാര്‍ട്ടി കശ്മീരില്‍ അക്കൗണ്ട് തുറന്നു

Author : ന്യൂസ് ഡെസ്ക്


ഒരു പതിറ്റാണ്ടിനപ്പുറം ജമ്മു കശ്മീരില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് ഇന്ത്യ സഖ്യം. തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടുന്ന സഖ്യം വിജയം പിടിച്ചെടുത്തിരിക്കുന്നത്. 90 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന സഭയില്‍ 49 സീറ്റുകളാണ് സഖ്യം നേടിയിരിക്കുന്നത്. ബിജെപിയുടെ സീറ്റുനേട്ടം 29ല്‍ ഒതുങ്ങി. രണ്ട് തവണ സംസ്ഥാനം ഭരിച്ച പിഡിപിയുടെ കനത്ത തകര്‍ച്ചയ്ക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.

നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഎം എന്നീ കക്ഷികളുടെ സഖ്യരാഷ്ട്രീയമാണ് കശ്മീരില്‍ കൃത്യമായി ഫലം കണ്ടിരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 56 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി 42 മണ്ഡലങ്ങളില്‍ ജയിച്ചു. കോണ്‍ഗ്രസ് 39 സീറ്റുകളില്‍ ആറെണ്ണം നേടി. കുല്‍ഗാമില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ജയിച്ച് മുഹമ്മദ് യൂസഫ് തരിഗാമി സഭയിലെ ഏക സിപിഎം പ്രതിനിധിയായി. ഹരിയാനയില്‍ അമ്പേ പരാജയപ്പെട്ട ആം ആദ്മി പാര്‍ട്ടി കശ്മീരില്‍ അക്കൗണ്ട് തുറന്നു. അതേസമയം, ബിജെപി 29 സീറ്റുകളിലാണ് ജയിച്ചത്. മറ്റൊരു പ്രാദേശിക പാര്‍ട്ടിയായ പിഡിപിയുടെ നേട്ടം മൂന്ന് സീറ്റിലൊതുങ്ങി. മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ കന്നിയങ്കത്തില്‍ തന്നെ പരാജയം അറിഞ്ഞു. ഏഴ് സ്വതന്ത്രര്‍ ജയിച്ച മത്സരത്തില്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് 1 സീറ്റും നേടി.

2014ല്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ പിഡിപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 28 സീറ്റുകള്‍ നേടിയ പിഡിപി 25 സീറ്റുകളുമായി രണ്ടാമതെത്തിയ ബിജെപിയെ കൂട്ടുപിടിച്ചാണ് അന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. അന്ന് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും കൂടി നേടിയത് 15 സീറ്റുകള്‍ മാത്രമായിരുന്നു. എന്നിരുന്നാലും ബിജെപി പിന്തുണ പിന്‍വലിച്ചതോടെ 2018ല്‍ സര്‍ക്കാര്‍ നിലംപതിച്ചിരുന്നു. 2019 ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര സർക്കാർ അനുച്ഛേദം 370 റദ്ദാക്കി. അതോടെയാണ്, 2014 ജമ്മു കശ്മീരിലെ അവസാന തെരഞ്ഞെടുപ്പ് വര്‍ഷമായത്.



തെരഞ്ഞെടുക്കപ്പെട്ട 90 പേര്‍ക്കൊപ്പം അഞ്ച് അംഗങ്ങള്‍ കൂടി നിയമസഭയിലെത്തും. ലഫ്. ഗവര്‍ണര്‍ക്കാണ് അഞ്ചു പേരെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം. രണ്ട് സ്ത്രീകള്‍, രണ്ട് കശ്മീരി പണ്ഡിറ്റുകള്‍, പാക് അധിനിവേശ കശ്മീരില്‍ കുടിയേറേണ്ടിവന്ന ഒരാള്‍ എന്നിങ്ങനെ അഞ്ചു പേരെ നോമിനേറ്റ് ചെയ്യാനുള്ള അധികാരമാണ് ലഫ്. ഗവര്‍ണര്‍ക്കുള്ളത്. അതേസമയം, കേന്ദ്രം ഭരിക്കുന്നത് തങ്ങളായതിനാല്‍ ഗവര്‍ണര്‍ ബിജെപി അംഗങ്ങളെ തന്നെയാകും നോമിനേറ്റ് ചെയ്യുകയെന്ന ജമ്മു കശ്മീര്‍ ബിജെപി നേതാവിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ലഫ്. ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്ന അധികാരം ജനാധിപത്യത്തെ അവഹേളിക്കുന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകര്‍ക്കുന്നതുമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

SCROLL FOR NEXT