ജമ്മു കശ്മീരിൽ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. അവസാനഘട്ട വോട്ടുറപ്പിക്കാനായി നിശബ്ദ പ്രചാരണമാണ് ഇന്ന് നടക്കുക. കനത്ത സുരക്ഷയാണ് ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയിട്ടുള്ളത്. 239 സ്ഥാനാർഥികളാണ് ബുധനാഴ്ച നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്. 26 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്നത്.
നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, അപ്നി പാർട്ടി നേതാവ് അൽത്താഫ് ബുഖാരി, ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്ന എന്നിവരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. നാഷണൽ കോൺഫറൻസും കോൺഗ്രസും തമ്മിൽ സഖ്യത്തിലാണ് മത്സരിക്കുന്നതെങ്കിലും നാഷണൽ കോൺഫറൻസിൻ്റെ ഭാഗത്ത് നിന്ന് വേണ്ടത്ര സഹകരണമുണ്ടായില്ലെന്ന പരാതി കോൺഗ്രസിനുണ്ട്.
ബിജെപിയും പിഡിപിയും ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബദ്ഗാം, ശ്രീനഗർ, ഗണ്ടേർബാൾ, പൂഞ്ച്, രജൗരി ജില്ലകളിലാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ, പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കൽ, അടിസ്ഥാന സൗകര്യ വികസനം, ആപ്പിൾ കർഷകരടക്കമുള്ള കർഷകരുടെ പ്രശ്നങ്ങൾ എന്നിവയാണ് പ്രധാനമായും പ്രചാരണ വിഷയങ്ങളായി ഉപയോഗിച്ചത്.
പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്നുള്ള അഭയാർഥികൾ ആദ്യമായി വോട്ട് ചെയ്യുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. ജമ്മു അതിർത്തിയിൽ കഴിയുന്ന 1947ലെ വിഭജന സമയത്ത് പാകിസ്ഥാൻ്റെ ഭാഗമായ പടിഞ്ഞാറൻ പഞ്ചാബിൽ നിന്നുള്ള അഭയാർഥികളാണ് 'വെസ്റ്റ് പാകിസ്ഥാൻ അഭയാർഥികൾ' എന്നറിയപ്പെടുന്നത്. സെപ്തംബർ 18ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഒക്ടോബർ ഒന്നിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്. ഒക്ടോബർ അഞ്ചിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയ്‌ക്കൊപ്പം ഒക്ടോബർ എട്ടിനാണ് ജമ്മു കശ്മീരിലേയും വോട്ടെണ്ണൽ. രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് കനത്ത സുരക്ഷാ വലയത്തിലാണ് ജമ്മു കശ്മീർ.