NEWSROOM

"ആണുങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടായാല്‍ ഏതുതരം ആണവയുദ്ധമാണ് പൊട്ടിപ്പുറപ്പെടുകയെന്ന് ആര്‍ക്കറിയാം"; ജാന്‍വി കപൂര്‍

ആര്‍ത്തവ കാലത്തെ വേദന സ്ത്രീകളെ ഏതൊക്കെ തരത്തില്‍ ബാധിക്കുന്നുവെന്നും എന്തുകൊണ്ടാണ് ചില പുരുഷന്‍മാര്‍ അതിനെ നിസാരവത്കരിക്കുന്നതെന്നും ജാന്‍വി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്



ആര്‍ത്തവ കാലത്തെ വേദനയെ നിസാരവത്കരിക്കുന്ന പുരുഷന്‍മാരെ വിമര്‍ശിച്ച് ബോളിവുഡ് നടി ജാന്‍വി കപൂര്‍. ഹോട്ടര്‍ഫ്‌ലൈക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. ആര്‍ത്തവ കാലത്തെ വേദന സ്ത്രീകളെ ഏതൊക്കെ തരത്തില്‍ ബാധിക്കുന്നുവെന്നും എന്തുകൊണ്ടാണ് ചില പുരുഷന്‍മാര്‍ അതിനെ നിസാരവത്കരിക്കുന്നതെന്നും ജാന്‍വി പറഞ്ഞു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന മൂഡ് സ്വിങ്‌സിനെ എങ്ങനെയാണ് ചിലര്‍ ചെറുതായി കാണുന്നതെന്നതിനെ കുറിച്ചും ജാന്‍വി സംസാരിച്ചു.

"ഞാന്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോഴായിരിക്കും എനിക്ക് ആര്‍ത്തവ സമയമാണോ എന്ന് ആളുകള്‍ ചോദിക്കുന്നത്. അതിന് പകരം നിങ്ങള്‍ ശരിക്കും ആശങ്കാകുലരാണെങ്കില്‍, നിങ്ങള്‍ ആര്‍ത്തവത്തിലൂടെ കടന്ന് പോവുകയാണോ? നിങ്ങള്‍ക്ക് ഒരു നിമിഷം വേണോ എന്നാണ് ചോദിക്കേണ്ടത്. കാരണം ആര്‍ത്തവ സമയത്ത് നമ്മുടെ ഹോര്‍മോണ്‍ പ്രശ്‌നങ്ങളും അതുപോലെ നമ്മള്‍ അനുഭവിക്കുന്ന വേദനയ്ക്കുമെല്ലാം യഥാര്‍ത്ഥ പരിഗണന ലഭിക്കുന്നത് എപ്പോഴും സ്വാഗതാര്‍ഹമാണ്", ജാന്‍വി പറഞ്ഞു.

"ചില പുരുഷന്‍മാന്‍ പലപ്പോഴും ആര്‍ത്തവത്തെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ സംസാരിക്കുന്നു. അവരോട് ഒന്ന് ഉറപ്പിച്ചു പറയട്ടേ... പുരുഷന്‍മാര്‍ക്ക് ഈ വേദനയും മൂഡ് സ്വിങ്‌സും ഒരു നിമിഷം പോലും സഹിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. ആണുങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടായാല്‍ ഏതുതരം ആണവയുദ്ധമാണ് പൊട്ടിപ്പുറപ്പെടുകയെന്ന് ആര്‍ക്കറിയാം", എന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു.

2024 ജാന്‍വിക്ക് മൂന്ന് റിലീസുകളാണ് ഉണ്ടായിരുന്നത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹി, ദേവര പാര്‍ട്ട് വണ്‍, ഉലജ്ജ് എന്നീ ചിത്രങ്ങളായിരുന്നു അവ. നിലവില്‍ ജാന്‍വി തന്റെ ഏറ്റവും പുതിയ ചിത്രമായ സണ്ണി സന്‍സ്‌കാരി കി തുളസി കുമാരിയുടെ ചിത്രീകരണത്തിലാണ്. പരംസുന്ദരി എന്ന ചിത്രവും 2025ല്‍ ജാന്‍വിയുടേതായി പുറത്തിറങ്ങും. അതിന് ശേഷം പെഡ്ഡി എന്ന ചിത്രത്തിലൂടെ ജാന്‍വി വീണ്ടും തെലുങ്ക് സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. പെഡ്ഡി 2026 മാര്‍ച്ച് 27നാണ് റിലീസ് ചെയ്യുന്നത്.

SCROLL FOR NEXT