NEWSROOM

കൊമ്മേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; വീഴ്ച സമ്മതിച്ച് കുടിവെള്ളം വിതരണം ചെയ്ത ജനകീയ സമിതി

രണ്ട് വർഷമായി കിണറിലെ വെള്ളം ശുചീകരിച്ചിട്ടില്ലെന്ന് ജനകീയ സമിതി കോർപറേഷൻ അധികൃതർക്ക് വിശദീകരണം നൽകി.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് കൊമ്മേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തിൽ വീഴ്ച സമ്മതിച്ച് കുടിവെള്ളം വിതരണം ചെയ്ത ജനകീയ സമിതി. രണ്ട് വർഷമായി കിണറിലെ വെള്ളം ശുചീകരിച്ചിട്ടില്ലെന്ന് ജനകീയ സമിതി കോർപറേഷൻ അധികൃതർക്ക് വിശദീകരണം നൽകി. അതേസമയം മഞ്ഞപ്പിത്ത ദുരിതത്തിന് കാരണക്കാരായ ജനകീയ സമിതിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.

കിണറുകള്‍ പോലും ഇല്ലാത്ത കോഴിക്കോട് കൊമ്മേരി പ്രദേശത്ത് കുടിവെള്ളത്തിനുള്ള ഏക പോംവഴിയായിട്ടാണ് ജനകീയസമിതി കിണർ കുഴിച്ച് ജലവിതരണം ആരംഭിച്ചത്. എരവത്ത് കുന്ന്, അക്കനാരി, ആമാട്ട്, ചിറയക്കാട്ട്, വഴക്കാട്ട് മീത്തൽ പ്രദേശങ്ങളില്‍ ഉള്ളവരാണ് പ്രധാനമായും കുടിവെള്ളത്തിനായി ഈ കിണറിനെ ആശ്രയിച്ചിരുന്നത്. കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചപ്പോൾ തന്നെ പ്രാദേശിക കുടിവെള്ള പദ്ധതിയിൽ നിന്നാവാം രോഗവ്യാപനമുണ്ടായത് എന്ന സംശയം അധികൃതർ ഉന്നയിച്ചിരുന്നു. തുടർന്ന് കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പ്രദേശത്തെ കിണറിൽ ഇ-കോളി ബാക്‌ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. ഇതിന് പിന്നാലെയാണ് രണ്ട് വർഷമായി കിണറിലെ വെള്ളം ശുചീകരിച്ചിട്ടില്ലെന്ന വിവരം ആരോഗ്യവകുപ്പ് കണ്ടെത്തിയത്.


കിണർ വെള്ളത്തിനെതിരെ ഇതിന് മുമ്പും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. പ്രദേശവാസികള്‍ ജനകീയ സമിതിയെ പലതവണ പരാതി അറിയിച്ചെങ്കിലും പരിഹാരം ലഭിച്ചില്ല. കുടിവെള്ളത്തിനായി കിണർ വെള്ളം ഉപയോഗിക്കുന്നതാണ് നല്ലതെന്ന ചിന്തയാണ് ജനങ്ങളെ ഈ കിണറിനെ ആശ്രയിക്കാൻ പ്രേരിപ്പിച്ചത്. ജനകീയ സമിതിയെ പിരിച്ചുവിട്ട് പുതിയ സമിതി രൂപീകരിക്കണമെന്നും, രോഗം ബാധിച്ച കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

കൊമ്മേരിയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ രോഗബാധിതരുടെ എണ്ണം 53 ആയി ഉയർന്നിരുന്നു. രോഗ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമെന്ന് കോർപറേഷൻ അവകാശപ്പെടുമ്പോഴും മഞ്ഞപ്പിത്ത വ്യാപനത്തിന്റെ ഉറവിടം കിണറാണെന്ന് സംശയിക്കുമ്പോഴും ഔദ്യോഗികമായി സ്ഥിരീകരണം നടന്നിട്ടില്ല.

SCROLL FOR NEXT