NEWSROOM

ഇന്ന് മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം; ഹിന്ദുത്വവാദിയായ ഗോഡ്‌സെ വെടിവെച്ചു കൊലപ്പെടുത്തിയിട്ട് 77 വര്‍ഷം

1948 ൽ ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ വെച്ചാണ് ഗാന്ധിക്ക് വെടിയേറ്റത്.

Author : ന്യൂസ് ഡെസ്ക്


ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം ആചരിക്കുകയാണ് രാജ്യം ഇന്ന്. രാജ്യത്തിന് സ്വാതന്ത്ര്യം നേടുന്നതിനായി ജീവന്‍ പോലും മറന്ന് പരിശ്രമിച്ച മഹാത്മാവിന്റെ സ്മരണയിലാണ് ഇന്ന് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി.

മഹാത്മാവിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ പുതുക്കി സര്‍വമത സമ്മേളനവും പ്രര്‍ഥനാ യോഗങ്ങളും സമാധാന ചര്‍ച്ചകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നടക്കും. 1948 ജനുവരി 30നാണ് നാഥൂറാം വിനായക ഗോഡ്‌സെ എന്ന ഹിന്ദുത്വ വാദിയുടെ വെടിയേറ്റ് ഗാന്ധി കൊല്ലപ്പെടുന്നത്. ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ വെച്ചാണ് ഗാന്ധിക്ക് വെടിയേറ്റത്. 

അഹിംസയിലും മതേതരത്വത്തിലും അടിയുറച്ച് വിശ്വസിച്ച വ്യക്തികൂടിയായിരുന്നു മഹാത്മാ ഗാന്ധി. ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിനു കടകവിരുദ്ധമായ ഒന്നായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മതാടിസ്ഥാനത്തിലുള്ള ദേശീയത മുന്നോട്ടു വെച്ച സങ്കുചിത മതവര്‍ഗ്ഗീയവാദികള്‍ക്കു മുന്നില്‍ ഗാന്ധിജി പ്രതിബന്ധം സൃഷ്ടിച്ചു. ദേശീയ പ്രസ്ഥാനത്തെ സാമ്രാജ്യത്വ വിരുദ്ധതയിലും മതേതരത്വത്തിലും അടിയുറപ്പിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ് അദ്ദേഹം ഭൂരിപക്ഷ വര്‍ഗ്ഗീയ ശക്തികളുടെ കണ്ണിലെ കരടായതും. ഇന്ത്യന്‍ മണ്ണിലെ ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെ ഗാന്ധിജി നിലകൊണ്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

SCROLL FOR NEXT