പേരാമ്പ്രയിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കുഴി കാരണം ചെറുകിട കച്ചവടം മുടങ്ങി ജീവിതം വഴിമുട്ടിയ കടയുടമയ്ക്ക് സഹായവുമായെത്തി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ന്യൂസ് മലയാളം വാർത്തയെ തുടർന്ന് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
ജല അതോറിറ്റിയുടെ കോഴിക്കോട് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് പരാതി പരിശോധിച്ച് 10 ദിവസത്തിനകം വിശദീകരണം നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. മേയ് 21ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പേരാമ്പ്ര മരുതേരി തച്ചറാത്ത് കുഞ്ഞിക്കണ്ണൻ എന്നയാളുടെ ചെറിയ കടമുറിയ്ക്ക് മുന്നിലാണ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി അധികൃതർ വലിയ കുഴിയെടുത്തത്. നാലു ദിവസത്തിനകം കുഴിമൂടാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഒരു മാസമായിട്ടും കുഴി മൂടിയിട്ടില്ല.
ഇതോടെ കഴിഞ്ഞ ഒരു മാസമായി ഈ കടയിലേക്ക് ആളുകൾ കയറുന്നില്ല. കടയിലെ ചെറിയ വരുമാനം കൊണ്ട് ഉപജീവനം നടത്തുന്നയാളാണ് കുഞ്ഞിക്കണ്ണൻ.