NEWSROOM

വോട്ടര്‍പട്ടികയില്‍ ഇടംനേടി ആന്‍ഡമാനിലെ ജറാവകള്‍; 19 പേർക്ക് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു

Author : ന്യൂസ് ഡെസ്ക്

ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ആദിവാസിവിഭാഗമാണ് ജറാവ. നിഗ്രിറ്റോ വംശജരാണ് ജറാവകള്‍. പുറംലോകവുമായി വലിയ ബന്ധമില്ലാതെ കഴിയുന്ന ജറാവകളെ പൊതു സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടം. ജറാവ വിഭാഗത്തില്‍പെട്ട 19 അംഗങ്ങള്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തിരിക്കുകയാണ് അധികൃതര്‍.


തെക്കന്‍ ആന്‍ഡമാനിലെ ജിര്‍കതംഗിലുള്ള ജറാവ സമൂഹത്തിന്റെ സെറ്റില്‍മെന്റില്‍ ചീഫ് സെക്രട്ടറി ചന്ദ്രഭൂഷണ്‍ കുമാര്‍ നേരിട്ടെത്തിയാണ് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തത്. ജറാവ സമൂഹത്തിന്റെ തനതായ സ്വത്വം നിലനിര്‍ത്താനും സ്വകാര്യത സംരക്ഷിക്കാനും ഭരണകൂടം സമഗ്രമായ നടപടികള്‍ സ്വീകരിച്ചതായും ചീഫ് സെക്രട്ടറി അറിയിച്ചു.

ജറാവകളുടെ ദൈനംദിന ജീവിതത്തെ ശല്യപ്പെടുത്താതെയും എന്നാല്‍, രാജ്യത്തെ പൗരന്മാര്‍ എന്ന നിലയിലുള്ള അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം. എല്ലാ പൗരന്മാരേയും ഉള്‍ക്കൊള്ളിച്ചും തുല്യതയും ഉറപ്പാക്കുക എന്ന പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്ന ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയിലെ സുപ്രധാന നേട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ആന്‍ഡമാന്‍ ആദിം ജന്‍ജാതി വികാസ് സമിതി (എഎജെവിഎസ്) നേതൃത്വത്തിലാണ് ജറാവ സമൂഹത്തെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

ആദിമമനുഷ്യരുടെ ജീവിതരീതികള്‍ പിന്തുടരുന്ന ജറാവകള്‍ ഉള്‍ക്കാട്ടില്‍ പൊതുസമൂഹവുമായി അകന്നാണ് കഴിയുന്നത്. ബര്‍മയും ആന്‍ഡമാനും കരമാര്‍ഗ്ഗം ഒന്നായി കിടന്നിരുന്ന കാലത്ത് സില്‍ക്ക് റൂട്ട് വഴിയോ മറ്റോ നടന്നാകും ആഫ്രിക്കയില്‍ നിന്നും ജറാവകളുടെ പൂര്‍വികര്‍ ഇവിടെ എത്തിയിട്ടുണ്ടാകുക എന്നാണ് കരുതപ്പെടുന്നത്. അകാ ബിയാ ആണ് ഇവരുടെ ഭാഷ.

കറുത്ത നിറവും ഉറച്ച ശരീരവുമാണ് ഇവരുടെ പ്രകൃതം. ചെറിയ തലമുടിയും താടിമീശയായുള്ള കുറച്ച് രോമങ്ങള്‍ ഒഴികെ ശരീരത്തില്‍ രോമങ്ങളില്ല. വളുത്ത കളിമണ്ണുകൊണ്ടു ദേഹത്തു ചായമിടാറുണ്ട്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ജറാവകള്‍ക്ക് സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള കഴിവുണ്ടെന്ന് കരുതപ്പെടുന്നു. ഒരു സ്ഥലത്തു തന്നെ രണ്ട് മാസത്തില്‍ കൂടുതല്‍ ഇവര്‍ താമസിക്കാറില്ല.

SCROLL FOR NEXT