ജാർഖണ്ഡിൽ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മന്ത്രിസഭാ രൂപീകരണ ചർച്ചകളുമായി മുഖ്യമന്ത്രി ഹേമന്ത് സോറൻ. ജാർഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ കേശവ് മഹാതോ സോറനുമായി കൂടിക്കാഴ്ച്ച നടത്തി. ഡിസംബർ 9 ന് നടക്കുന്ന സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനത്തിന് മുൻപ് തന്നെ മന്ത്രിസഭ രൂപീകരിക്കാൻ ചർച്ചയിൽ തീരുമാനമായി. മന്ത്രിസ്ഥാനം സംബന്ധിച്ചും ധാരണയായതായി നേതാക്കൾ അറിയിച്ചു.
ജാർഖണ്ഡിൽ നാലാംതവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ ജെഎംഎം നേതാവ് ഹേമന്ത് സോറൻ മന്ത്രിസഭ രൂപീകരണത്തിൻ്റെ അവസാന ഘട്ടത്തിലാണ്. ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിലെ മന്ത്രിസ്ഥാനം സംബന്ധിച്ചും ധാരണയായി. 12 സ്ഥാനങ്ങളിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഏഴ് സീറ്റ് ജെഎംഎം. കോൺഗ്രസ് നാല് സീറ്റ്. രാഷ്ട്രീയ ജനതാദൾ ഒരു സീറ്റ് എന്നിങ്ങനെയാകും വീതംവെപ്പ്. രണ്ട് സീറ്റ് വിജയിച്ച ഘടകകക്ഷിയായ സിപിഐഎംഎൽ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് സൂചന.
Also Read; ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലുകൾ നിഷ്ഫലം; ഗോത്രജനതയുടെ ട്രൂ ലീഡറായി വളർന്ന് ഹേമന്ത് സോറൻ
മന്ത്രിസ്ഥാനത്തേക്കുള്ള ആറ് പേരുകൾ സംബന്ധിച്ച് ജെഎംഎമ്മിൽ അന്തിമ തീരുമാനിയി. എന്നാൽ കോൺഗ്രസും ആർജെഡിയും ആരെ മന്ത്രിയാക്കുമെന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. 16 സീറ്റ് നേടിയ കോൺഗ്രസിന് നാല് മന്ത്രിസ്ഥാനങ്ങളിലേക്ക് കൂടുതൽ നേതാക്കൾ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ജാതി, ഗോത്രം, ലിംഗം, ന്യൂനപക്ഷ പദവി എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രാതിനിധ്യം, മാനദണ്ഡമായി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നു.