NEWSROOM

"കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ സ്വാര്‍ഥ താല്‍പ്പര്യം, രാഷ്ട്രീയ ലക്ഷ്യം"; പി.എം.എ. സലാമിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

സ്ത്രീകളെ സംബന്ധിച്ച മത വിധി കാന്തപുരം പറഞ്ഞപ്പോൾ പിന്തുണച്ചവർ, സമസ്ത പറഞ്ഞപ്പോൾ കൊഞ്ഞനം കാട്ടിയെന്നായിരുന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയുള്ള പ്രസ്താവനയിൽ കാന്തപുരത്തെ പിന്തുണച്ച മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെ വിമർശിച്ച് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സ്ത്രീകളെ സംബന്ധിച്ച മത വിധി കാന്തപുരം പറഞ്ഞപ്പോൾ പിന്തുണച്ചവർ, സമസ്ത പറഞ്ഞപ്പോൾ കൊഞ്ഞനം കാട്ടിയെന്നായിരുന്നു മുത്തുക്കോയ തങ്ങളുടെ പ്രസ്താവന. കാന്തപുരത്തെ പിന്തുണച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കൊണ്ടോട്ടിയിൽ നടന്ന സമസ്തയുടെ പരിപാടിയിലായിരുന്നു ജിഫ്രി തങ്ങളുടെ വിമർശനം.

മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുള്ളവർ അതിൽ എന്തിനാണ് ഇടപെടുന്നതെന്നായിരുന്നു കാന്തപുരത്തെ പിന്തുണച്ചുകൊണ്ടുള്ള പി.എം.എ. സലാം ചോദ്യം. എന്നാൽ ഇതിന് പിന്നിൽ സ്വാർഥ താല്പര്യവും, രാഷ്ട്രീയ ലക്ഷ്യവുമാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. മതവിധികളിൽ ഇത്തരം പിന്തുണ മാത്രം പോരെന്നും അത് നടപ്പിൽ വരുത്താനും ഇവർ ശ്രമിക്കണമെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു.



അതേസമയം സിപിഎമ്മിലെ വനിതാ പ്രാതിനിധ്യത്തെ വിമര്‍ശിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തി. സ്ത്രീ പ്രാതിനിധ്യം ഒറ്റയടിക്ക് മാറുന്നതല്ലല്ലോ എന്നും മാറ്റത്തിനായി ശ്രമിക്കുകയാണെന്നും പി. മോഹനന്‍ പറഞ്ഞു. എം.വി. ഗോവിന്ദന്റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ 18 ഏരിയ സെക്രട്ടറിമാര്‍ ഉള്ളതില്‍ ഒരു സ്ത്രീ പോലും ഇല്ലെന്നായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനം.

സ്ത്രീ പ്രാതിനിധ്യമില്ലാത്തത് പാര്‍ട്ടി തന്നെ ആത്മപരിശോധന നടത്തുന്ന വിഷയമാണ്. ജില്ലാ കമ്മിറ്റിയില്‍ സ്ത്രീ പ്രാതിനിധ്യം പ്രതീക്ഷിക്കാമെന്നും പി. മോഹനന്‍ പറഞ്ഞു. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം ഉണ്ടാകും. കാന്തപുരം ആദരണീയനായ വ്യക്തിത്വമാണെന്നും കാന്തപുരത്തിന്റെ പ്രസ്ഥാനം സ്വീകരിക്കുന്ന നിലപാടുകള്‍ മത ധ്രുവീകരണ ശക്തികള്‍ക്ക് എതിരാണെന്നും പി. മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

മെക് സെവൻ വ്യായാമത്തിനെതിരെ നേരത്തെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. പുരുഷന്മാരും സ്ത്രീകളും ഇടകലർന്നുകൊണ്ടുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. സമുദായത്തെ പൊളിക്കാനുള്ളതാണ് അത്തരം പദ്ധതികളെന്നും വിശ്വാസ സംരക്ഷണമാണ് പ്രധാനമെന്നും കാന്തപുരം മുസ്ലിയാർ പറഞ്ഞിരുന്നു. അതിനെ പരോക്ഷമായി കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചിരുന്നു.

SCROLL FOR NEXT