NEWSROOM

ജിതിൻ്റേത് RSS നടത്തിയ രാഷ്ട്രീയ കൊലപാതകം, പ്രതികൾക്ക് CITUയുമായോ സിപിഎമ്മുമായോ യാതൊരു ബന്ധവുമില്ല: രാജു എബ്രഹാം

പ്രതികൾക്ക് ഡിവൈഎഫ്ഐ ബന്ധമുണ്ട് എന്ന പ്രചരണം തെറ്റാണെന്നും അവർ ഇപ്പോൾ ആർഎസ്എസുകാരാണെന്നും രാജു എബ്രഹാം പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു തൊഴിലാളിയായ ജിതിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ആർഎസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പ്രതികൾക്ക് ഡിവൈഎഫ്ഐ ബന്ധമുണ്ട് എന്ന പ്രചരണം തെറ്റാണെന്നും അവർ ഇപ്പോൾ ആർഎസ്എസുകാരാണെന്നും രാജു എബ്രഹാം പറഞ്ഞു. ഇവർക്ക് സിഐടിയുമായോ സിപിഎമ്മുമായോ യാതൊരു ബന്ധവുമില്ലെന്നും മുൻ എംഎൽഎ വ്യക്തമാക്കി.



"പ്രതികൾ രണ്ടോ മൂന്നോ വർഷം ഡിവൈഎഫ്ഐയിൽ ഉണ്ടായിരുന്നു. എന്നാൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തിയിരുന്നതിൻ്റെ പേരിൽ ഒഴിവാക്കിയതാണ്. തുടർന്ന് അവർ വീണ്ടും ആർഎസ്എസിൻ്റെ ഭാഗമായി. വിഷ്ണുവിൻ്റെ നേതൃത്വത്തിൽ ആ മേഖലയിൽ അക്രമങ്ങൾ നടത്താനായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ആ സംഘത്തിനൊപ്പമാണ് സുമിത്തും മനീഷും ഉണ്ടായിരുന്നത്," രാജു എബ്രഹാം പറഞ്ഞു.



"രണ്ടോ മൂന്നോ മാസക്കാലം മാത്രം പ്രവർത്തിച്ച പടം എടുത്ത് വെച്ച് കൈ കഴുകാനുള്ള ശ്രമമാണ് ബിജെപിയും ആർഎസ്എസും നടത്തുന്നത്. പെരുനാട്ടിലെ ജനങ്ങൾക്ക് കാര്യങ്ങൾ അറിയാം. പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ ഈ സംഘം വലിയ കൊലവിളിയായിരുന്നു നടത്തിയത്. ഈ ക്രിമിനൽ സംഘത്തിനെതിരെ സിപിഎം ലോക്കൽ കമ്മിറ്റി മുൻപ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു," രാജു എബ്രഹാം വിശദീകരിച്ചു.



"പിന്നെങ്ങനെ അവർ സിപിഎം ആണെന്ന് പറയാൻ കഴിയും? ആർഎസ്എസിനോ ബിജെപിക്കോ ഈ കൊലപാതത്തിൽ നിന്ന് കൈകഴുകി രക്ഷപ്പെടാൻ കഴിയില്ല. നിഖിലേഷ് അവിടെ അറിയപ്പെടുന്ന ആർഎസ്എസ് ക്രിമിനൽ ആണ്. നിഖിലേഷിന് സിപിഎമ്മുമായോ സിഐടിയുമായോ ഒരു ബന്ധവുമില്ല. മൃഗീയമായ കൊലപാതകമാണ് പ്രതികൾ നടത്തിയത്. പ്രതികൾക്കെതിരെ സിപിഎം ലോക്കൽ കമ്മിറ്റിക്ക് നേരത്തെ സമരം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്," സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി പറഞ്ഞു.

SCROLL FOR NEXT