ഓണക്കാലമായാൽ നാടെങ്ങും കാത്തിരിക്കുന്നത് മാവേലി മന്നൻ്റെ വരവിനായാണ്. കഴിഞ്ഞ അഞ്ച് വർഷമായി സാംസ്കാരിക നഗരത്തിൽ പതിവ് തെറ്റാതെ മാവേലിയായി എത്തുകയാണ് ജോബി ജോൺ. മരോട്ടിച്ചാൽ സ്വദേശിയും പ്രാദേശിക മാധ്യമ പ്രവർത്തകനുമായ ജോബി ജോൺ എന്ന കലാകാരനാണ് തൃശൂരുകാരുടെ ഈ സ്വന്തം മാവേലി.
മാവേലി പാതാളത്തിൽ നിന്നു വരുന്നെന്നാണ് ഐതിഹ്യം. എന്നാൽ തൃശൂർ പൂത്തൂർ മരോട്ടിച്ചാലിൽ നിന്നുമാണ് ഈ മഹാബലിയുടെ വരവ്. ആട്ടവും പാട്ടുമടക്കം സകലമാന അടവുകളും കയ്യിലുണ്ട്. സാംസ്കാരിക പരിപാടികളിലും ഘോഷയാത്രകളിലും മുന്നിൽ കാണുന്ന ഈ മാവേലി ചില സമയങ്ങളിൽ പ്രാദേശിക ചാനൽ പരിപാടികളിൽ അവതാരകനായും പ്രത്യക്ഷപ്പെടും.
ALSO READ: തിരുവനന്തപുരം വെൺപാലവട്ടത്തെ കടയിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ ബ്ലേഡ്
കലാകാരനും മാധ്യമപ്രവർത്തകനുമായ ജോബി ജോണാണ് കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി മുടങ്ങാതെ മാവേലി വേഷം കെട്ടി ജനങ്ങൾക്ക് ഇടയിലേക്കിറങ്ങുന്നത്. ആദ്യം കൗതുകത്തിന് വേണ്ടിയാണ് മഹാബലി ആയതെങ്കിലും അതിലൂടെ ലഭിച്ച വലിയ സന്തോഷമാണ് തനിക്ക് പ്രചോദനമായത് എന്നാണ് ജോബി പറയുന്നത്.
ജോബിയെ കൂടാതെ തൃശൂരിൻ്റെ വിവിധ ഭാഗങ്ങളിലായി മാവേലി വേഷം സ്ഥിരമായി കെട്ടുന്ന നിരവധി കലാകാരന്മാർ വേറെയുമുണ്ട്. ഓണക്കാലത്തെ എല്ലാ പരിപാടികളിലും മാവേലിയെ ആവശ്യമുള്ളതിനാൽ പലർക്കും മഹാരാജാവിൻ്റെ ഈ വേഷം ഉപജീവനത്തിനായുള്ള മാർഗം കൂടിയാണ്. ജോബി ജോൺ അടക്കമുള്ള തൃശൂരിലെ മുഴുവൻ മാവേലിമാർക്കും ഓണ നാളുകളിലെ പത്ത് ദിവസവും തിരക്കോട് തിരക്ക് തന്നെയാണ്.