NEWSROOM

"പുതിയ തലമുറയ്ക്ക് വെളിച്ചം കൈമാറാൻ സമയമായി"; സ്ഥാനാർഥിത്വം പിൻവലിച്ചതിന് പിന്നാലെ ജോ ബൈഡൻ

സ്ഥാനാർഥിത്വം പിൻവലിച്ചുകൊണ്ടുള്ള തീരുമാനത്തിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ജോ ബൈഡൻ

Author : ന്യൂസ് ഡെസ്ക്

അമേരിക്കൻ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് ഡെമോക്രാറ്റിക്ക് പാർട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കാനെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. പുതിയ തലമുറയ്ക്ക് വെളിച്ചം കൈമാറാൻ സമയമായെന്നും ബൈഡൻ പറഞ്ഞു. സ്ഥാനാർഥിത്വം പിൻവലിച്ചുകൊണ്ടുള്ള തീരുമാനത്തിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള ഓവൽ ഓഫീസ് പ്രസംഗത്തിലാണ് ബൈഡൻ്റെ പ്രസ്താവന. 

പുതിയ ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസിനെ കരുത്തയും പ്രാപ്തയുമയുമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ബൈഡൻ്റെ പ്രസംഗം. രാജ്യത്തിൻ്റെ പരമോന്നത ലക്ഷ്യമായ ജനാധിപത്യം സംരക്ഷിക്കുകയെന്നതാണ് ഏത് പദവിയേക്കാളും പ്രധാനമെന്നും ബൈഡൻ പറഞ്ഞു. ഒരു പുതിയ തലമുറയ്ക്ക് വെളിച്ചം കൈമാറുക എന്ന മാർഗമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.

റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിൻ്റെ പേര് ഒരിക്കൽ പോലും പരാമർശിക്കാതെയായിരുന്നു ബൈഡൻ്റെ പ്രസംഗം. അതേസമയം തൻ്റെ ഭരണകാലത്തെ നേട്ടങ്ങളെക്കുറിച്ച് ബൈഡൻ പ്രത്യേകം എടുത്തു പറഞ്ഞു. ശേഷിക്കുന്ന കാലയളവിൽ കൃത്യമായി ജോലി ചെയ്യില്ലെന്ന വിമർശനങ്ങൾക്കും ബൈഡൻ പ്രസംഗത്തിൽ മറുപടി നൽകി. പ്രസിഡൻ്റ് എന്ന നിലയിൽ അടുത്ത ആറ് മാസം മുഴുവൻ ശ്രദ്ധയും ജോലിയിലായിരിക്കുമെന്നായിരുന്നു ബൈഡൻ്റെ പ്രസ്താവന.

ട്രംപുമായുള്ള സംവാദത്തിന് ശേഷം സ്ഥാനാർഥിത്വം പിൻവലിക്കാൻ ഡെമോക്രാറ്റുകളിൽ നിന്ന് തന്നെ ബൈഡന് വലിയ രീതിയിലുള്ള സമ്മർദം ഉയർന്നിരുന്നു. ബൈഡൻ്റെ പ്രായത്തിനെയും ആരോഗ്യത്തെയും ചൊല്ലിയുള്ള ആശങ്കകളായിരുന്നു ഭൂരിഭാഗം ആളുകൾക്കുമുണ്ടായിരുന്നത്. ഇതിന് പിന്നാലെ ബൈഡൻ പിന്മാറിയതോടെ സിറ്റിംഗ്  പ്രസിഡന്റ, തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തില്‍ മത്സരം ഉപേക്ഷിച്ചെന്ന ചരിത്രസംഭവത്തിനും അമേരിക്ക സാക്ഷ്യം വഹിച്ചു.

തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനമെടുത്ത ബൈഡനെ ശക്തമായ പിന്തുണയ്ക്കുന്നതിനായി ഭാര്യ ജിൽ, മകൾ ആഷ്‌ലി തുടങ്ങി പ്രസിഡൻ്റിൻ്റെ കുടുംബത്തിലെ ഭൂരിഭാഗം ആളുകളും ഓവൽ ഓഫീസിൽ വെച്ചുള്ള പ്രസിഡന്റിന്റെ പ്രസംഗം കേൾക്കാനായി എത്തിചേർന്നിരുന്നു. ബൈഡൻ്റെ പ്രസംഗത്തിന് പിന്നാലെ നന്ദിയുമായി മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക്ക് ഒബാമ, യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി എന്നിവരും രംഗത്തെത്തി. ഈ രാജ്യത്തിൻ്റെ പവിത്രമായ ലക്ഷ്യം ജനാധിപത്യമാണെന്നും അത് നമ്മളിൽ ആരേക്കാളും വലുതാണെന്ന ബൈഡൻ്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഒബാമയുടെ നന്ദി പ്രകടനം.

SCROLL FOR NEXT