രണ്ട് ക്രിമിനൽ കേസുകളിൽ ശിക്ഷാവിധി നേരിടുന്ന മകൻ ഹണ്ടറിന് ഔദ്യോഗിക മാപ്പ് നൽകി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. പ്രസിഡന്റ് പദവിയുടെ അധികാരങ്ങൾ ഉപയോഗപ്പെടുത്തി മകന്റെ ശിക്ഷ ബൈഡൻ ക്ഷമിക്കുകയോ ഇളവ് ചെയ്യുകയോ ചെയ്യില്ലെന്നായിരുന്നു വൈറ്റ് ഹൗസ് നേരത്തെ പറഞ്ഞിരുന്നത്. അധികാരമേറ്റ ദിവസം മുതൽ, നീതിന്യായ വകുപ്പിൻ്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്നായിരുന്നു തീരുമാനം. എൻ്റെ മകൻ അന്യായമായി വിചാരണ ചെയ്യപ്പെട്ടപ്പോഴും ഞാൻ വാക്ക് പാലിച്ചു. എന്നാൽ ഇനി ഈ തീരുമാനവുമായി മുന്നോട്ടില്ലെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ബൈഡൻ പറഞ്ഞു. ഒരു പിതാവും പ്രസിഡൻ്റും എന്ന നിലയിൽ താൻ ഈ തീരുമാനത്തിലേക്ക് വരുന്നത് എന്തുകൊണ്ടാണെന്ന് അമേരിക്കക്കാർക്ക് മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജോ ബൈഡൻ പറഞ്ഞു.
എന്റെ മകനായതിനാൽ മാത്രമാണ് അവൻ വേട്ടയാടപ്പെട്ടത്. അഞ്ചര വർഷമായി ശാന്തനായ ഹണ്ടറിനെ തകർക്കാൻ ശ്രമമുണ്ടായിരുന്നു. ഹണ്ടറിനെ തകർക്കാൻ ശ്രമിക്കുന്നതിലൂടെ അവർ എന്നെയും തകർക്കാൻ ശ്രമിച്ചു. എല്ലാം ഇവിടെ നിർത്തുമെന്ന് വിശ്വസിക്കുന്നതായും ബൈഡൻ പറഞ്ഞു. എൻ്റെ മകൻ ഹണ്ടറിനെക്കുറിച്ച് ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. അവൻ ഒരു ആസക്തിയെ അതിജീവിച്ചു. എനിക്കറിയാവുന്ന ഏറ്റവും മിടുക്കനും മാന്യനുമായ മനുഷ്യരിൽ ഒരാളാണ് അവനെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 2014 ജനുവരി മുതൽ 2024 ഡിസംബർ വരെ ഹണ്ടർ ബൈഡൻ ചെയ്‌ത എല്ലാ ഫെഡറൽ കുറ്റകൃത്യങ്ങൾക്കുമാണ് മാപ്പ് നൽകിയത്.
നികുതിവെട്ടിപ്പ്, ലഹരി, അനധികൃതമായി തോക്ക് കൈവശം വെയ്ക്കുക തുടങ്ങിയ കേസുകളിലാണ് മകന്‍ ഹണ്ടര്‍ ബൈഡന് ജോ ബൈഡന്‍ ഔദ്യോഗിക മാപ്പ് നല്‍കിയത്. അനധികൃതമായി തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. 2018ൽ അനധികൃതമായി റിവോൾവർ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ തോക്ക് വ്യാപാരിയോട് കള്ളം പറയുക, അപേക്ഷയിൽ തെറ്റായ അവകാശവാദം ഉന്നയിക്കുക, 11 ദിവസത്തേക്ക് നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചു എന്നിവയായിരുന്നു കുറ്റങ്ങൾ.
ALSO READ: വെടിനിർത്തലിന് പ്രത്യുപകാരമോ? ഇസ്രയേലുമായി 680 കോടി ഡോളറിൻ്റെ ആയുധ കച്ചവടം നടത്തി അമേരിക്ക
ഇതാദ്യമായല്ല ഒരു അമേരിക്കൻ പ്രസിഡൻ്റ് തങ്ങളുടെ കുടുംബാംഗങ്ങളോട് മാപ്പ് നൽകുന്നത്. 1985-ലെ കൊക്കെയ്‌നുമായി ബന്ധപ്പെട്ട കുറ്റത്തിന് 2001-ൽ ബിൽ ക്ലിൻ്റൺ തൻ്റെ ഇളയ അർദ്ധസഹോദരൻ റോജർ ക്ലിൻ്റനോട് ക്ഷമിച്ചിരുന്നു. 2020 ൽ ഡൊണാൾഡ് ട്രംപ് തൻ്റെ മകൾ ഇവാങ്കയുടെ ഭർതൃപിതാവ് ചാൾസ് കുഷ്‌നർക്ക് മാപ്പ് നൽകിയിട്ടുണ്ട്. നിയുക്ത പ്രസിഡൻ്റ് ട്രംപ് തൻ്റെ പുതിയ മന്ത്രിസഭയിൽ ഫ്രാൻസിലെ അംബാസഡറായി കുഷ്‌നറെ പ്രഖ്യാപിച്ചിട്ടുണ്ട്.