ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിനിടെ യുഎൻ സമാധാനസേനയ്ക്ക് നേരെ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിനോട് ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. 48 മണിക്കൂറിനിടയിൽ രണ്ട് തവണ യുഎൻ സമാധാന സേനാംഗങ്ങൾക്ക് നേരെ ഇസ്രയേൽ വെടിയുതിർത്തതിന് പിന്നാലെയാണ് ജോ ബൈഡൻ്റെ നിർദേശം. ഇത് തികച്ചും 'പോസിറ്റീവായ' നിർദേശമാണെന്നും അമേരിക്ക വ്യക്തമാക്കി. യുഎൻ സമാധാന സേനാംഗങ്ങൾക്ക് നേരെയുള്ള ഏതൊരു ബോധപൂർവമായ ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെയും 1701 ലെ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിൻ്റെയും ഗുരുതരമായ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ സമാധാന സേന ഇസ്രയേലിനെ നേരത്തെ അറിയിച്ചിരുന്നു.
ലബനനിലെ യുഎൻ ഇടക്കാല സേനയുടെ (യൂണിഫിൽ) രണ്ട് ശ്രീലങ്കൻ സൈനികർക്ക് പരുക്കേറ്റ സംഭവത്തിൻ്റെ ഉത്തരവാദിത്വം ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) ഏറ്റെടുത്തിരുന്നു. നഖൂറയിലെ യൂണിഫിൽ ബേസിന് ചുറ്റും തമ്പടിച്ച ഐഡിഎഫ് സൈനികർ പെട്ടെന്നുണ്ടായ അപായമുന്നറിപ്പിനെ തുടർന്നാണ് വെടിയുതിർത്തതെന്നാണ് സൈന്യത്തിൻ്റെ വിശദീകരണം. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ഇസ്രായേലിൻ്റെ നടപടികളിൽ അപലപിച്ചുകൊണ്ട് ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളുടെ നേതാക്കൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. തങ്ങളുടെ രണ്ട് സൈനികരെ പരുക്കേൽപ്പിച്ച ഐഡിഎഫ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
വ്യാഴാഴ്ചയും ലബനനിൽ സമാനസംഭവം അരങ്ങേറിയിരുന്നു.ബ്ലൂ ലൈനിലെ യുഎന്‍ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ പ്രതിരോധസേന മനപൂർവം വെടിയുതിർക്കുകയായിരുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആരോപണം. ഇസ്രയേല്‍, ഗോളന്‍ ഹൈറ്റസ് എന്നിവയെ ലബനനില്‍ നിന്നും വേർതിരിക്കുന്ന മേഖലയാണ് ബ്ലൂ ലൈന്‍. എന്നാൽ ഈ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇസ്രയേൽ ഏറ്റെടുത്തിട്ടില്ല.