NEWSROOM

"ഇന്ത്യ പോരാടിയത് ഭീകരര്‍ക്കെതിരെ; പാകിസ്ഥാന്‍ നിലകൊണ്ടത് ഭീകരര്‍ക്കൊപ്പം, അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് കാരണം അവരുടെ സൈന്യം"

ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം പൂർണതോതിൽ ഉപയോഗിക്കേണ്ടതായി പോലും വന്നില്ലെന്നും ആവശ്യമെങ്കിൽ അടുത്ത ദൗത്യത്തിനും സൈന്യം തയ്യാറാണെന്നും മേധാവികൾ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് പാകിസ്ഥാനിലെ ഭീകരരെയും അവരുടെ താവളങ്ങളെയുമാണെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ സേന. പാകിസ്ഥാന്‍ ഭീകരര്‍ക്കൊപ്പമാണ് നിലകൊണ്ടത്. ഇന്ത്യയുടെ സൈനിക നടപടി ഭീകരര്‍ക്കെതിരെയായിരുന്നു. എന്നാൽ പാക് സൈന്യം അതില്‍ ഇടപെട്ടു. പാകിസ്ഥാനിലുണ്ടായ എല്ലാത്തരം നാശനഷ്ടങ്ങള്‍ക്കും കാരണം അവരുടെ സൈന്യമാണ്. ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഉപയോഗിച്ച ആയുധങ്ങളിലേറെയും ചൈനീസ് നിർമിതമായിരുന്നു. ആവശ്യമെങ്കിൽ അടുത്ത ദൗത്യത്തിന് സേന തയ്യാറാണെന്നും കര-വ്യോമ-നാവിക സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി സ്വീകരിച്ച സൈനിക നടപടിയെക്കുറിച്ച് വിശദീകരിക്കാനായിരുന്നു വാര്‍ത്താസമ്മേളനം. വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദ്, ലഫ്. ജനറല്‍ രാജീവ് ഘായ്, എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി, മേജര്‍ ജനറല്‍ എസ്.എസ്. ഷര്‍ദ എന്നിവരാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഭീകരരെ പിന്തുണച്ച് രംഗത്തെത്തിയ പാക് സൈനിക നടപടിയെ അപലപിച്ചുകൊണ്ടായിരുന്നു എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി സംസാരിച്ചത്.ഇന്ത്യയുടെ നടപടി ഭീകരര്‍ക്കെതിരെയായിരുന്നു. എന്നാൽ പാക് സൈന്യം അതില്‍ ഇടപെട്ടു. ഇന്ത്യയുടെ യുദ്ധം ഭീകരതയോട് മാത്രമാണെന്ന് നമ്മൾ പ്രഖ്യാപിച്ചതാണ്. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നടപടിയെ പാക് സൈന്യം അവർക്കെതിരായി കണ്ടു. പാകിസ്ഥാനുണ്ടായ എല്ലാ നഷ്ടങ്ങൾക്കും ഉത്തരവാദി അവരുടെ സൈന്യം മാത്രമാണെന്നും എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി വിശദീകരിച്ചു.

പാകിസ്ഥാനിലെ നൂര്‍ഖാന്‍ സൈനിക കേന്ദ്രം ആക്രമിക്കുന്നതിന്റെ വീഡിയോ സൈന്യം പ്രദർശിപ്പിച്ചു. തകർത്ത പാക് ആയുധങ്ങളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. പാക് സൈന്യം ഇന്ത്യക്ക് നേരെ തൊടുത്ത ചൈനീസ് നിർമിത PL-15 മിസൈലുകൾ ഇന്ത്യ ചിന്നഭിന്നമാക്കി. സ്വയം നിയന്ത്രിത വ്യോമായുധങ്ങളും പാക് സൈന്യം പ്രയോഗിച്ചിരുന്നു. തോളിൽ വച്ചുതൊടുക്കുന്ന മോർട്ടാറുകൾ കൊണ്ടുവരെയാണ് ഇന്ത്യൻ സൈനികർ അവ വെടിവെച്ചിട്ടത്. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലും, മൾട്ടി ലേയേർഡ് എയർ ഡിഫൻസ് സിസ്റ്റവും ഉപയോഗിച്ച് ഇന്ത്യ പാക് നീക്കങ്ങളെ തകർത്തെന്നും മാര്‍ഷല്‍ എ.കെ. ഭാരതി വിശദീകരിച്ചു.


ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഉപയോഗിച്ച ആയുധങ്ങളിലേറെയും ചൈനീസ് നിർമിതമായിരുന്നെന്നും മാര്‍ഷല്‍ എ.കെ. ഭാരതി വ്യക്തമാക്കി. ഇന്ത്യൻ പ്രതിരോധം തകർക്കാൻ ഒരു ഘട്ടത്തിലും പാകിസ്ഥാന് കഴിഞ്ഞില്ല. ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിനുണ്ടായത് ഏറ്റവും കുറഞ്ഞ നഷ്ടം മാത്രമാണ്. മൂന്ന് സേനാവിഭാഗങ്ങളും അങ്ങേയറ്റം ഒത്തിണക്കത്തോടെ സൈനിക നടപടിയിൽ പങ്കെടുത്തെന്നും അദ്ദേഹം വിശദീകരിച്ചു.

രാജ്യത്തിൻ്റെ എയർഫീൽഡുകളെയും ലോജിസ്റ്റിക്സുകളെയും ലക്ഷ്യം വയ്ക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ലഫ്. ജനറല്‍ രാജീവ് ഘായ് വ്യക്തമാക്കി. സൈന്യത്തിനൊപ്പം ഉറച്ചുനിന്ന സർക്കാരിന് കര-വ്യോമ-നാവിക സേന മേധാവികൾ നന്ദി പറഞ്ഞു. സൈന്യത്തെ പിന്തുണച്ച 140 കോടി ജനങ്ങൾക്ക് സേനയുടെ സല്യൂട്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം പൂർണതോതിൽ ഉപയോഗിക്കേണ്ടതായി പോലും വന്നില്ലെന്നും ആവശ്യമെങ്കിൽ അടുത്ത ദൗത്യത്തിന് സൈന്യം തയ്യാറാണെന്നും മേധാവികൾ വ്യക്തമാക്കി.


SCROLL FOR NEXT