അനു വാര്യര്‍ 
NEWSROOM

മാധ്യമപ്രവര്‍ത്തകൻ അനു വാര്യർ അന്തരിച്ചു

കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ ഇന്ന് വൈകിട്ട് 4.30-നായിരുന്നു അന്ത്യം

Author : ന്യൂസ് ഡെസ്ക്

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു വാര്യര്‍ (അനു സിനുബാല്‍, 49) നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ ഇന്ന് വൈകിട്ട് 4.30ഓടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് പാരിപ്പള്ളി ഇഎസ്ഐ ആശുപത്രിക്ക് സമീപമുള്ള വീട്ടുവളപ്പിൽ നടക്കും. അനു വാര്യര്‍ ദുബായില്‍ ഖലീജ് ടൈംസില്‍ സീനിയര്‍ കോപ്പി എഡിറ്ററായിരുന്നു.

1998ല്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പിജി ഡിപ്ലോമ നേടിയ ശേഷം ആനുകാലികങ്ങളില്‍ അന്വേഷണാത്മക ഫീച്ചറുകള്‍ എഴുതിയാണ് അനു പത്രപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. പിന്നീട് കൊച്ചിയില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ സീനിയര്‍ സബ് എഡിറ്ററും, ദി സൺഡേ ഇന്ത്യൻ മാഗസിനിൽ സ്പെഷ്യൽ കറസ്പോണ്ടൻ്റുമായി ജോലി ചെയ്തതിന് ശേഷമാണ് ഖലീജ് ടൈംസിൽ ജോലിക്ക് കയറിയത്. യാത്രാവിവരണങ്ങൾക്കൊപ്പം കവിതകളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

നാല് വര്‍ഷം മുന്‍പാണ് അര്‍ബുദ ബാധ തിരിച്ചറിയുന്നത്. ചികിത്സയ്ക്കൊപ്പം ജോലി തുടർന്നിരുന്നു. എന്നാൽ രണ്ടു വർഷം മുൻപ് കരളിനെയും അർബുദം ബാധിച്ചു. കീഴടങ്ങാൻ കൂട്ടാതെ ചിരിച്ചുകൊണ്ട് അതിനെ നേരിട്ട അനു, രോഗാവസ്ഥയെ കുറിച്ചും ചികിത്സയെ കുറിച്ചും ഖലീജ് ടൈംസിൽ ഉൾപ്പെടെ എഴുതിയിരുന്നു. യാത്രകൾ ചെയ്തും, സൗഹൃദങ്ങൾ പുതുക്കിയും, കൂട്ടായ്മ സംഘടിപ്പിച്ചും രോഗാവസ്ഥയെ നേരിട്ട അനു, അക്കാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അനുവിൻ്റെ എഴുത്ത് പലർക്കും ആശ്വാസമായിരുന്നു.

SCROLL FOR NEXT