NEWSROOM

ആരോപണങ്ങൾ അടിസ്ഥാനരഹിതം; പി.വി. അൻവറിന് വക്കീൽ നോട്ടീസയച്ച് മാധ്യമപ്രവർത്തകൻ വിനു വി. ജോൺ

അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്



പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെ വക്കീൽ നോട്ടീസയച്ച് ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി. ജോൺ. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അൻവർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ വിനു വി. ജോണിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതവും അപകീർത്തികരവുമാണെന്നും ഇത് പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊലപാതക കേസിലെ പ്രതികൾക്ക് വേണ്ടി വിനു വി. ജോൺ എഡിജിപി അജിത് കുമാറിനെ വിളിച്ചെന്നായിരുന്നു പി.വി. അൻവർ എംഎൽഎയുടെ ആരോപണം.

അൻവർ ഉന്നയിച്ച ആരോപണങ്ങൾ അസത്യവും അസംബന്ധവും ആണെന്ന് പറഞ്ഞുകൊണ്ട് വിനു വി. ജോൺ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിനു വി. ജോൺ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് വിനു എഡിജിപി അജിത് കുമാറിനെ വിളിച്ചെന്നും സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നുമായിരുന്നു പി.വി. അൻവർ പത്രസമ്മേളനത്തിൽ പറഞ്ഞത്. പോക്സോ കേസിൽ കോഴിക്കോട് ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും കേസ് കോടതിയിൽ എത്തുമ്പോൾ സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്നറിയാമെന്നും അൻവർ ആരോപിച്ചിരുന്നു. ഈ പ്രസ്താവനകൾക്കെതിരെയാണ് വിനു വി. ജോൺ വക്കീൽ നോട്ടീസയച്ചിരിക്കുന്നത്.


അതേസമയം സോളാർ വിഷയത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പി.വി. അൻവർ നടത്തിയ പ്രസ്താവനകൾ സോളാർ കേസ് പരാതിക്കാരി ശരിവെച്ചു. അൻവർ പറഞ്ഞതാണ് സത്യമെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നേരത്തെ പരാതി നൽകിയിരുന്നെന്നും പരാതിക്കാരി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. യുഡിഎഫ് നേതാക്കൾക്കെതിരെ മൊഴി നൽകുമ്പോൾ സൂക്ഷിക്കണമെന്നും കേസ് അവസാനിപ്പിക്കുകയാണെങ്കിൽ ജീവിക്കാനുള്ള വഴിയൊരുക്കി തരാമെന്ന് അജിത് കുമാർ പറഞ്ഞെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.

SCROLL FOR NEXT