തീവ്ര ഹിന്ദുത്വത്തിനും ജാതി വ്യവസ്ഥയ്ക്കുമെതിരെ സമരസപ്പെടാത്ത സമീപനം. സമൂഹത്തിലെ അനാചാരങ്ങൾക്കതിരെ സന്ധിയില്ലാത്ത പോരാട്ടം. ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവർത്തകയെ, ജീവിതം സമരമാക്കിയ സാമൂഹ്യപ്രവർത്തകയെ ഫാഷിസം വേട്ടയാടിക്കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഏഴാണ്ട് തികയുന്നു. സമകാലീന ഇന്ത്യന്‍ അവസ്ഥയില്‍ ഗൗരി ഫാഷിസത്തിനെതിരെയുള്ള പ്രതിരോധത്തിന്‍റെ ഓർമപ്പെടുത്തലാണ്.
നീതി അതിന്‍റെ വഴി കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഫാഷിസം പല മാർഗങ്ങളിലൂടെ നമ്മുടെ വ്യവസ്ഥിതിയെ കീഴടക്കുകയാണ്. ഗൗരി ലങ്കേഷ് വധക്കേസിൽ 17 പ്രതികള്‍ക്കെതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഇപ്പോഴും ബെംഗളൂരു കോടതിയില്‍ വിചാരണ തുടരുകയാണ്. പ്രതികള്‍ ശിക്ഷിക്കപ്പെടുമോ എന്ന കാര്യത്തില്‍ വിധി വരാന്‍ ഇനിയും ജനാധിപത്യ വിശ്വാസികള്‍ കാത്തിരിക്കണം.
ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് ഗൗരി ലങ്കേഷ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സണ്‍ഡേ മാഗസിന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ ജോലി ചെയ്തു. പിതാവ് ലങ്കേഷിന്റെ മരണത്തോടെ ബെംഗളൂരുവില്‍ തിരിച്ചെത്തിയ ഗൗരി അദ്ദേഹത്തിന്‍റെ കന്നഡ ടാബ്ലോയിഡ് വാരികയായ ലങ്കേഷ് പത്രികെ ഏറ്റെടുത്തു. ഗൗരി ലങ്കേഷ് പത്രികെ എന്ന പേരില്‍ 2000 ത്തിൽ വാരിക പുറത്തിറക്കി തുടങ്ങി. വാരികയുടെ നടത്തിപ്പിനായി ഒരു വിധ മൂലധന ശക്തികള്‍ക്ക് മുന്നിലും ഗൗരി കൈനീട്ടിയില്ല. സർക്കാരിനേയും കോർപ്പറേറ്റുകളേയും ആശ്രയിക്കാതെ, പരസ്യങ്ങളുടെ സഹായങ്ങളില്ലാതെയാണ് ഗൗരി പത്രികെയുടെ പ്രവർത്തനം നടത്തിയത്. കുടുംബത്തിന്‍റെ പ്രസാധക കമ്പനിയായ ലങ്കേഷ് പ്രകാശനയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചായിരുന്നു ലങ്കേഷ് പത്രികെയുടെ പ്രവര്‍ത്തനം
ALSO READ: ഡോക്ടറുടെ ബലാത്സംഗക്കൊല: കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തു; ഗുരുതര ആരോപണവുമായി പിതാവ്
തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി വിമർശിച്ചിരുന്ന ഗൗരി ലങ്കേഷിന്‍റെ കൊലപാതകം രാജ്യത്തെ ഒന്നടങ്കമാണ് ഞെട്ടിച്ചത്. 2017 സെപ്റ്റംബർ 5ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഗൗരിയെ വെസ്റ്റ് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടു മുറ്റത്ത് വെച്ചാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവച്ചത്. കൊലപാതകം വ്യാപക പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്നും തീവ്ര ഹിന്ദുത്വത്തിന്‍റെ വേട്ടയാടലിനും എതിരെ രാജ്യം മുഴിവന്‍ പ്രക്ഷോഭങ്ങള്‍ നടന്നു. തുടർന്നാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചത്.
ഡിസിപി എം.എൻ. അനുഛേദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആറുമാസങ്ങള്‍ക്ക് ശേഷം ഹിന്ദു യുവസേന പ്രവർത്തകനായ കെ.ടി നവീൻ കുമാറിനെ പിടികൂടിയിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി 16 പ്രതികൾ കൂടി പിടിയിലായി. തുമ്പില്ലാതിരുന്ന ചില കേസ് ഫയലുകൾ കൂടി അന്ന് അന്വേഷണ സംഘം തുറന്നു. ആക്റ്റിവിസ്റ്റ് നരേന്ദ്ര ധഭോൽകർ മുതൽ പുരോഗമന സാഹിത്യകാരൻ കൽബുർഗി വരെയുള്ള കൊലപാതകങ്ങളില്‍ വഴിത്തിരിവായത് ഗൗരി ലങ്കേഷ് കേസാണ്.
ഗൗരി ലങ്കേഷിന്‍റെയും കൽബുര്‍ഗിയുടേയും നെഞ്ചിൽ തുളച്ചുകയറിയത് ഒരേ തോക്കിൽ നിന്നുതിർത്ത വെടിയുണ്ടകളെന്ന് അന്വേഷണ സംഘം അടിവരയിട്ട് പറഞ്ഞു. ഗൗരിയെ കൊന്നത് തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന സനസ്തയുടെ പ്രവര്‍ത്തകരെന്നായിരുന്നു കണ്ടെത്തൽ. മതത്തെ സംരക്ഷിക്കാനാണ് കൊലയെന്നായിരുന്നു ഗൗരിക്ക് നേരെ വെടിയുതിർത്ത പരശു റാം വാക്കമൂറിന്‍റെ വെളിപ്പെടുത്തൽ. ഒരു വര്‍ഷം കൊണ്ട് കേസിലുൾപ്പെട്ട എല്ലാ പ്രതികളെയും അന്വേഷണ സംഘം പിടികൂടിയെങ്കിലും വിചാരണ ഏഴ് വര്‍ഷമായി തുടരുകയാണ്. ഇന്നും ഇന്ത്യയില്‍ വലതുപക്ഷ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ശബ്ദമുയർത്താനുള്ള പ്രേരക ശക്തിയാവുകയാണ് ഗൗരി ലങ്കേഷ്.