വഖഫ് നിയമ ഭേദഗതി ബിൽ റിപ്പോർട്ട് സംയുക്ത സഭാ സമിതി (ജെ.പി.സി) അംഗീകരിച്ചു. പ്രതിപക്ഷത്തിൻ്റെ വിയോജിപ്പോടെയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറുമെന്ന് വഖഫ് ഭേദഗതി ബില്‍ പരിശോധിക്കാന്‍ നിയോഗിച്ച സംയുക്ത സഭാസമിതി ചെയര്‍മാന്‍ ജഗ്ദാംബിക പാല്‍ അറിയിച്ചു. ഇന്ന് രാവിലെ ചേർന്ന ജെപിസി യോഗത്തിലാണ് റിപ്പോർട്ട് അംഗീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ 14 ഭേദഗതികള്‍ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഈ ഭേദഗതികള്‍ കൂടി ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് ഇന്ന് അംഗീകരിച്ചത്.
പ്രതിപക്ഷത്തിൻ്റെ കടുത്ത എതിർപ്പും ഭേദഗതി നിർദേശങ്ങളും പാടെ അവഗണിച്ചാണ് ജെപിസി യോഗം റിപ്പോർട്ട് അംഗീകരിച്ചത്. ഭരണപക്ഷം നിർദ്ദേശിച്ച 14 ഭേദഗതികളാണ് അംഗീകരിച്ചിരിക്കുന്നത്. വഖഫ് വരുമാനം മുസ്ലിം വനിതകൾക്കും വിധവകൾക്കും കുട്ടികൾക്ക് സഹായിക്കുവാൻ മാത്രമെ ഉപയോഗിക്കാവൂ. അഞ്ച് വർഷം മുസ്ലീം മതം ആചരിക്കുന്നവർക്ക് മാത്രമെ സ്വത്ത് വഖഫ് ചെയ്യാൻ കഴിയുകയുള്ളൂ, സർക്കാർ സ്വത്തുകളുടെ മേൽ വഖഫ് അവകാശവാദം ഉന്നയിച്ചാൽ അത് പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കാം,
തുടങ്ങിയവയാണ് പ്രധാന ഭോഗതികൾ.
ബില്ലിനെതിരെയും ജെപിസി റിപ്പോർട്ടിന് എതിരെയും സുപ്രീം കോടതിയെ സമീപിക്കുമെന്ന് എ. രാജയും രാജ്യസഭയിൽ നിന്നുള്ള അംഗം എം.എം. അബ്ദുള്ളയും ന്യൂസ് മലയാളത്തോട് പറഞ്ഞു. 65 പേജുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിപക്ഷാംഗങ്ങൾക്ക് കൈമാറിയിരുന്നത്. അപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു. 16 വോട്ടുകള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചും 11 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. ഡിഎംകെയില്‍ നിന്ന് എ. രാജ, തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് കല്യാണ്‍ ബാനര്‍ജി തുടങ്ങിയവരെല്ലാം വിയോജനക്കുറിപ്പ് നല്‍കുകയും എതിരെ വോട്ടു ചെയ്യുകയും ചെയ്തു.
ജനുവരി 29ന് മുന്‍പ് റിപ്പോര്‍ട്ട് കൈമാറാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. പിന്നീടത് ബജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്ച നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന് മുന്‍പ് തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് സംയുക്ത പാര്‍ലമെൻ്ററി സമിതിയുടെ തീരുമാനം. പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിൽ ജെപിസി ശുപാർശകൾ കൂടി ഉൾപ്പെടുത്തി ബിൽ പാസാക്കാനാണ് ബിജെപി തീരുമാനം.
അതേസമയം, വഖഫ് ഭേദഗതി ബില്ലിൽ ഇന്ന് ലോക്‌സഭയിൽ വിളിച്ചു ചേർത്ത ജെപിസി യോഗം അവസാനിച്ചു. പ്രതിപക്ഷ അംഗങ്ങൾക്ക് വിയോജിപ്പ് അറിയിക്കാൻ നാലുമണി വരെ സമയം അനുവദിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിൻ്റെ വിയോജന കുറിപ്പും കൂട്ടി ചേർത്ത് അംഗീകരിച്ച റിപ്പോർട്ട് ലോകസഭാ സ്പീക്കർക്ക് കൈമാറും. ഭരണപക്ഷം ഉന്നയിച്ച 14 ഭേദഗതികൾ മാത്രമാണ് ബില്ലിൽ ജെ.പി.സി അംഗീകരിച്ചത്.