NEWSROOM

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് വിഎച്ച്പി; ജുനൈദ് ഖാന്‍ ചിത്രം മഹാരാജ് റിലീസിന് സ്റ്റേ

ജൂണ്‍ 18 വരെയാണ് സിനിമയുടെ റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരം ആമിര്‍ ഖാന്‍റെ മകന്‍ ജുനൈദ് ഖാന്‍ നായകനാകുന്ന ചിത്രം മഹാരാജിന്‍റെ റിലീസ് തടഞ്ഞ് ഗുജറാത്ത് ഹൈക്കോടതി. ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമയുടെ ഉള്ളടക്കം എന്നായിരുന്നു ആരോപണം. വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള തീവ്ര ഹിന്ദു സംഘടനകളാണ് സിനിമയുടെ റിലീസ് തടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജൂണ്‍ 18 വരെയാണ് സിനിമയുടെ റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്. 

സിദ്ധാര്‍ത്ഥ് പി മല്‍ഹോത്ര സംവിധാനം ചെയ്ത ചിത്രം യഷ് രാജ് ഫിലിംസ് എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സില്‍ ഇന്ന് (ജൂണ്‍ 14) ചിത്രം റിലീസ് ചെയ്യാനിരിക്കെയായിരുന്നു സ്റ്റേ. ജുനൈദ് ഖാന്‍റെ ആദ്യ സിനിമയാണ് മഹാരാജ്. 1862-ലെ മഹാരാജ് ലൈബൽ കേസിനെ ചുറ്റിപ്പറ്റിയുള്ള സിനിമയുടെ പോസ്റ്റര്‍ മാത്രമാണ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. ജയ്ദീപ് അഹ്‌ലാവത്തും ജുനൈദ് ഖാനൊപ്പം പ്രധാന വേഷത്തിലെത്തുന്നു. ബ്രിട്ടീഷ് ഭരണ കാലത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സാമൂഹിക പരിഷ്‌കരണത്തിനും വേണ്ടി പ്രവര്‍ത്തിച്ച പത്രപ്രവര്‍ത്തകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ കര്‍സന്‍ദാസ് മുല്‍ജിയുടെ ജീവിതമാണ് മഹാരാജ് പറയുന്നത്.

എക്സില്‍ ബോയ്‌ക്കോട്ട് നെറ്റ്ഫ്‌ളിക്‌സ് എന്ന ഹാഷ്ടടാഗ് ട്രെന്റിംഗാണ്. ചിത്രം നിരോധിക്കണമെന്ന് രാജ്‌കോട്ടില്‍ നടന്ന സനാതനധര്‍മ്മ സമ്മേളനത്തില്‍ ജഗത്ഗുരു ശങ്കരാചാര്യ ദ്വാരകാപീഠാദീശ്വര ശ്രീ സദാനന്ദ സരസ്വതി ആവശ്യപ്പെടുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായിരുന്നു.

SCROLL FOR NEXT