മലയാള സിനിമ മേഖലയിൽ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ജൂനിയർ ആർട്ടിസ്റ്റ് അമൃത കെ. ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും ക്യാരക്ടർ റോളിലേക്ക് കയറണമെങ്കിൽ അഡ്ജസ്റ്റ്മെൻ്റിന് തയ്യാറാകണമെന്നാവശ്യപ്പെട്ട് നിർമാതാവ് എന്ന പേരിൽ ഒരാൾ സമീപിച്ചതായാണ് നടിയുടെ വെളിപ്പെടുത്തൽ. തയ്യാറല്ലെന്ന് അറിയിച്ചതോടെ അവസരം നഷ്ടമായെന്നും അമൃത പറഞ്ഞു.
'സിനിമ മേഖലയിൽ അഡ്ജസ്റ്റ്മെൻ്റ് ഉണ്ടെന്നും നല്ല റോൾ ലഭിക്കണമെങ്കിൽ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നുമാണ് നിർമാതാവ് എന്ന പേരിൽ വിളിച്ച ഷൈജു ആവശ്യപ്പെട്ടത്. ഈ വർഷം ഫെബ്രുവരിയിലാണ് സംഭവം. ഒരു വിധത്തിലുമുള്ള വീട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്ന് അറിയിച്ചതോടെ അവസരം നഷ്ടമായി. അന്ന് പരാതി ഉന്നയിക്കാതിരുന്നത് ഒറ്റപ്പെടുമോ എന്ന ഭയം മൂലമാണ്'- അമൃത പറഞ്ഞു.
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമ ആടിയുലഞ്ഞിരിക്കുകയാണ്. അനുദിനം നിരവധിപേരാണ് സിനിമാ മേഖലിൽ നിന്ന് നേരിട്ട അനുഭവങ്ങൾ തുറന്നു പറയുന്നത്. മലയാള സിനിമ മേഖലയിലെ പ്രമുഖ നടന്‍മാരും സംവിധായകരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ആരോപണവിധേയരുടെ ലിസ്റ്റില്‍ ഉള്‍പെടുന്നു.