NEWSROOM

കാസ്റ്റിങ് കൗച്ച് ആരോപണം: പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി ജൂനിയർ ആർട്ടിസ്റ്റ്

കഴിഞ്ഞ ദിവസമാണ് കാസ്റ്റിങ്  കൗച്ച് ആരോപണവുമായി കോഴിക്കോട് സ്വദേശിനി രംഗത്ത് വന്നത്. 'അഡ്ജസ്റ്റ്' ചെയ്യാന്‍ തയ്യാറായാല്‍ സിനിമയില്‍ അവസരം തരാം എന്ന് വാഗ്ദാനം ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തല്‍

Author : ന്യൂസ് ഡെസ്ക്

മലയാള സിനിമയിലെ ഒരു പ്രൊഡ്യൂസർക്കെതിരായ കാസ്റ്റിങ് കൗച്ച് ആരോപണത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകി പരാതിക്കാരിയായ ജൂനിയർ ആർട്ടിസ്റ്റ്. പേരാമ്പ്രയിലെ വീട്ടിലെത്തിയാണ് അന്വേഷണം സംഘം മൊഴി രേഖപ്പെടുത്തിയത്. പ്രൊഡ്യൂസർ ഷൈജു, പ്രൊഡക്ഷൻ കൺഡ്രോളർ രാഹുൽ എന്നിവർക്കെതിരെയാണ് പരാതി.

കഴിഞ്ഞ ദിവസമാണ് കാസ്റ്റിങ്  കൗച്ച് ആരോപണവുമായി കോഴിക്കോട് സ്വദേശിനി രംഗത്ത് വന്നത്. 'അഡ്ജസ്റ്റ്' ചെയ്യാന്‍ തയ്യാറായാല്‍ സിനിമയില്‍ അവസരം തരാമെന്ന് വാഗ്ദാനം ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തല്‍. സിനിമയില്‍ നിന്നും പിന്മാറിയെങ്കിലും പിന്നീട് വാട്സ്ആപ്പ് വഴിയും ഇതേ വാഗ്ദാനങ്ങളുമായി ഇവർ ശല്യപ്പെടുത്തിയെന്നും യുവതി പറയുന്നു.

അതേസമയം, മലയാള സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ച്, ലൈംഗിക അതിക്രമങ്ങള്‍ എന്നിവയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ബലാത്സംഗ കേസില്‍ നടന്മാരായ സിദ്ദീഖ്, ഇടവേള ബാബു, ജയസൂര്യ, സംവിധായകന്‍ രഞ്ജിത്ത് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

എന്നാല്‍, നടനും എംഎല്‍എയുമായി മുകേഷിനെതിരെയുള്ള ബലാത്സംഗ കേസില്‍ കോടതി സെപ്റ്റംബർ മൂന്ന് വരെ അറസ്റ്റ് തടഞ്ഞു. മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

SCROLL FOR NEXT