ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. കേരള ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്നു അലക്സാൻഡർ തോമസ്. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ പേര് ഗവർണർക്ക് കൈമാറിയത്.
2014 ജനുവരി 23 മുതൽ സെപ്റ്റംബർ 4 വരെ കേരളം ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ച അലക്സാൻഡർ തോമസ്, 2023 ജൂലൈയിൽ ആക്ടിങ് ചീഫ് ജസ്റ്റിസുമായിരുന്നു. കേരള ഹൈക്കോടതിയിൽ ജഡ്ജിയായി ഇരിക്കെ 25000 ത്തോളം കേസുകൾ അദ്ദേഹം തീർപ്പാക്കിയിട്ടുണ്ട്.
കേരള ജുഡീഷ്യൽ അക്കാഡമിയുടെ പ്രസിഡൻറ്, കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ, കേരള സംസ്ഥാന മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ സെന്റർ പ്രസിഡൻറ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.