NEWSROOM

"മുനമ്പത്ത് കുടിയൊഴിപ്പിക്കൽ പ്രായോഗികമല്ല, സർക്കാർ മറ്റു മാർഗങ്ങൾ തേടണം"; ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ റിപ്പോർട്ട്

വഖഫ് ബോർഡുമായും ഫറൂഖ് കോളേജുമായും സംസ്ഥാന സർക്കാർ ചർച്ചകൾ നടത്തണമെന്നും ശുപാർശയുണ്ട്

Author : ന്യൂസ് ഡെസ്ക്


മുനമ്പം ജനതയ്ക്ക് ആശ്വാസമായി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. മുനമ്പത്ത് കുടിയൊഴിപ്പിക്കൽ പ്രായോഗികമല്ലെന്നാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാന സർക്കാർ കുടിയൊഴിപ്പിക്കലിന് പകരം മറ്റു മാർഗങ്ങൾ തേടണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നത്. വഖഫ് ബോർഡുമായും ഫറൂഖ് കോളേജുമായും സംസ്ഥാന സർക്കാർ ചർച്ചകൾ നടത്തണമെന്നും ശുപാർശയുണ്ട്. റിപ്പോർട്ട് അടുത്ത ആഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിക്കും.


വ്യക്തിപരമായ ഭൂമിയുടെയോ വ്യവസായ ശാലകളുടെയോ സ്ഥിതി വിവരക്കണക്കുകൾ കമ്മീഷൻ എടുത്തിട്ടില്ലെന്നും റവന്യൂ വകുപ്പിൽ നിന്ന് മാത്രമാണ് ഭൂമിയുടെ വിവരങ്ങൾ എടുത്തതെന്നും ജസ്റ്റിസ് രാമചന്ദ്രൻ നായർ ന്യൂസ് മലയാളത്തോട് പറഞ്ഞു. "444.76 ഏക്കർ വസ്തുവാണ് വഖഫ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കടൽ എടുത്തത് 230 ഏക്കറിൽ കൂടുതൽ സ്ഥലം. 111 ഏക്കർ സ്ഥലത്തുള്ള ആളുകളെ എങ്ങനെ സംരക്ഷിക്കണം എന്ന് മാത്രമാണ് കമ്മീഷൻ നോക്കിയത്. ഭൂമിയുടെ അവകാശം കമ്മീഷൻ നോക്കേണ്ടതില്ല. അതിന് കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും" രാമചന്ദ്രൻ നായർ പറഞ്ഞു.

"മുനമ്പത്തെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കണം എന്നാണ് സർക്കാർ നോക്കുന്നത്. മുനമ്പത്ത് വസ്തു സർവേ നടത്തണം എന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ അത് സാധ്യമല്ല. അതിൻ്റെ ആവശ്യമില്ല. വഖഫ് കേസിനെ സംബന്ധിച്ച ഒന്നും കേൾക്കേണ്ട ആവശ്യം ഇല്ല," ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു.

കേരള സർക്കാരാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്. എന്നാൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനെതിരെ വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. പിന്നാലെ ജുഡീഷ്യൽ കമ്മീഷന് നിയമ സാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ പരി​ഗണിച്ച ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

SCROLL FOR NEXT